കുര്യനെ അനുനയിപ്പിക്കാന്‍ ചെന്നിത്തല; ഉമ്മന്‍ചാണ്ടിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് കുര്യന്‍

പ്രതികരിക്കാതെ ചെന്നിത്തല -സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് പിജെ കുര്യന്‍- രാഷ്ട്രീയം ചര്‍ച്ചയായില്ല 
കുര്യനെ അനുനയിപ്പിക്കാന്‍ ചെന്നിത്തല; ഉമ്മന്‍ചാണ്ടിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് കുര്യന്‍

കോട്ടയം: രാജ്യസഭാ സീറ്റ് കെഎം മാണിക്ക് നല്‍കിയതിന് പിന്നാലെ പരസ്യ പ്രതികരണവുമായി എത്തിയ പിജെ കുര്യനെ അനുനയിപ്പിക്കാന്‍ നീക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തല പിജെ കുര്യന്റെ വീട്ടില്‍ എത്തി. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ചെന്നിത്തല തയ്യാറായില്ല. 

സന്ദര്‍ശനത്തിന് പിന്നാലെ സൗഹൃദ സന്ദര്‍ശനം മാത്രമാണുണ്ടായതെന്ന് രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും പിജെ കുര്യന്‍ പറഞ്ഞു. സീറ്റ് കിട്ടാത്തതില്‍  പരാതിയില്ല. രാജ്്യസഭാ സീറ്റ് നല്‍കിയതിന് പിന്നില്‍ മുഖ്യപങ്ക് ചെന്നിത്തലയ്ക്കല്ലെന്നും കുര്യന്‍ പറഞ്ഞു. സീറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കുര്യന്‍ ഉയര്‍ത്തിയത്. ഉമ്മന്‍ചാണ്ടിക്കെതിരായ നിലപാടില്‍  ഉറച്ച നില്‍ക്കുന്നതായും കുര്യന്‍ പറഞ്ഞു.

തന്നെ മാറ്റി നിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി ഉപയോഗിച്ച കൗശലമാണ് കോണ്‍ഗ്രസിന് സീറ്റ് നഷ്ടപ്പെടുത്തയതെന്നായിരുന്നു കുര്യന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയില്‍ ഉദിച്ച കൗശലമാണ് കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റി വിട്ടുനല്‍കുക എന്നത്. കഴിഞ്ഞ തവണയും തന്നെ വെട്ടാന്‍ ഉമ്മന്‍ ചാണ്ടി ശ്രമം നടത്തി. ഉമ്മന്‍ ചാണ്ടിക്ക് ഇക്കാര്യത്തില്‍ വ്യക്തിതാത്പര്യങ്ങളുണ്ട്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് തീരുമാനം എടുത്തിരിക്കുന്നത്. ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചാണ് സംസ്ഥാനനേതാക്കള്‍ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. കുര്യന്‍ പറഞ്ഞു.

സീറ്റ് നല്‍കിയാല്‍ മാത്രമേ മാണി വരൂ എന്ന് ഹൈകമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. ഇതിനെക്കാളും ശക്തി ഉണ്ടായിരുന്ന കാലത്ത് പോലും മാണി കോണ്‍ഗ്രസ് സീറ്റ് ചോദിച്ചിരുന്നില്ല. ഉമ്മന്‍ ചാണ്ടിക്ക് പേഴ്‌സണല്‍ അജണ്ട ഉണ്ട്. അത് രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്ന വ്യക്തി ആണ് ഉമ്മന്‍ ചാണ്ടി. 2012 ലും ഉമ്മന്‍ ചാണ്ടി തന്റെ സ്ഥാനാര്‍ത്ഥിത്വം എതിര്‍ത്തിരുന്നു. എന്നാല്‍ 2012 ല്‍ എകെ ആന്റണിയും രമേശ് ചെന്നിത്തലയും തനിക്ക് ഒപ്പം നിന്നെന്നും കുര്യന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com