ബിജെപി അധ്യക്ഷനെ ചൊല്ലി ഭിന്നത രൂക്ഷം; വിട്ടുകൊടുക്കാതെ നേതാക്കള്‍

പകല്‍ മുഴുവന്‍ നീണ്ട ചര്‍ച്ചയില്‍ പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍ എന്നീ പക്ഷങ്ങള്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവാതെ നിന്നു
ബിജെപി അധ്യക്ഷനെ ചൊല്ലി ഭിന്നത രൂക്ഷം; വിട്ടുകൊടുക്കാതെ നേതാക്കള്‍

കൊച്ചി: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോയതിന് പിന്നാലെ ഒഴിവു വന്ന ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആളെ കണ്ടെത്താനുള്ള ദൗത്യം കീറാമുട്ടിയാകുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര നേതാക്കള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കടത്തു ഭിന്നത ഉയര്‍ന്നതോടെ തീരുമാനം എടുക്കാനായില്ല. 

പകല്‍ മുഴുവന്‍ നീണ്ട ചര്‍ച്ചയില്‍ പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍ എന്നീ പക്ഷങ്ങള്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവാതെ നിന്നു. കെ.സുരേന്ദ്രനെ പ്രസിഡന്റാക്കണം എന്ന ആവശ്യമായിരുന്നു വി.മുരളീധരന് ഒപ്പം നിന്നവരെടുത്തത്. എന്നാല്‍ എം.ടി.രമേശിനും എ.എന്‍.കൃഷ്ണദാസിനും വേണ്ടിയായിരുന്നു കൃഷ്ണദാസ് പക്ഷം നിലയുറപ്പിച്ചത്. 

സമവായ സാധ്യത മങ്ങിയതോടെ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കം എന്ന് വ്യക്തമാക്കി നേതാക്കള്‍ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. സമവായ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്.രാജ പറഞ്ഞു. 

ചര്‍ച്ചകളില്‍ കെ.സുരേന്ദ്രന്റെ പേരിനായിരുന്നു മുന്‍തൂക്കം ലഭിച്ചതെന്നാണ് സൂചന. രാവിലെ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം ചേരുകയും, പിന്നാല െസംസ്ഥാന നേതാക്കളേയും, ജില്ലാ പ്രസിഡന്റുമാരേയും, പോഷക സംഘടനാ ഭാരവാഹി നേതാക്കളേയും ഒറ്റക്ക് ഒറ്റയ്ക്ക് കണ്ട് അഭിപ്രായം തേടുകയായിരുന്നു. 

സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു അമിത് ഷായുടെ നീക്കം. എന്നാല്‍ മുരളീധരന് എംപി സ്ഥാനം നല്‍കിയതിന് പിന്നാലെ ഇവര്‍ക്കൊപ്പം നില്‍ക്കുന്ന സുരേന്ദ്രന് തന്നെ പ്രസിഡന്റ് സ്ഥാനവും നല്‍കുന്നതിലെ അതൃപ്തി കൃഷ്ണദാസ് പക്ഷം ചോദ്യം ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com