'ബോധമില്ലാതെ പത്ത് ദിവസം, കണ്ണ് തുറന്നപ്പോള്‍ മൂടിക്കെട്ടിയ വെള്ളവേഷത്തില്‍ കുറച്ചു പേര്‍'; നിപ്പ വൈറസില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞു മാലാഖ

'പുറത്തു നടക്കുന്ന സംഭവങ്ങളെപ്പറ്റി ഒന്നുമറിയാതിരുന്ന ഞാന്‍ എനിക്കൊന്നുമില്ലെന്ന വിശ്വാസത്തില്‍ കിടന്നു. എന്നെ ശുശ്രൂഷിച്ച നഴ്‌സ് ചേച്ചിമാരുടെ ഉത്സാഹം കണ്ടപ്പോള്‍ ആത്മവിശ്വാസം കൂടി'
'ബോധമില്ലാതെ പത്ത് ദിവസം, കണ്ണ് തുറന്നപ്പോള്‍ മൂടിക്കെട്ടിയ വെള്ളവേഷത്തില്‍ കുറച്ചു പേര്‍'; നിപ്പ വൈറസില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞു മാലാഖ

കോഴിക്കോട്‌; മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ബോധമില്ലാതെ പത്ത് ദിവസം. ബോധം വീണ്ടുകിട്ടി കണ്ണു തുറന്നപ്പോള്‍ മൂടിക്കെട്ടിയ വെള്ള വേഷത്തില്‍ മുന്നില്‍ കുറച്ചുപേര്‍. ഒരു പത്തൊന്‍പതുകാരിക്ക് പേടിക്കാന്‍ മറ്റെന്തെങ്കിലും വേണോ? എന്നാല്‍ വെള്ളവസ്ത്രം ധരിച്ചവര്‍ നല്‍കിയ സ്‌നേഹ പരിചരണവും ആത്മവിശ്വാസവും അവളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ്. നിപ്പ വൈറസിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് എം.അജന്യ എന്ന നേഴ്‌സിങ് വിദ്യാര്‍ത്ഥി.

ജനറല്‍ നേഴ്‌സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അജന്യ പഠനത്തിന്റെ ഭാഗമായാണ് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ മെഡിക്കല്‍ കോളെജിലെത്തിയത്. അവിടെ  അത്യാഹിത വിഭാഗത്തിലായിരുന്നു അജന്യ. ഇവിടെവെച്ചാണ് അജന്യ നിപ്പ വൈറസ് ബാധിതയാകുന്നത്. ആദ്യം പനി. ബീച്ച് ആശുപത്രിയില്‍ കാണിച്ചു. കുഴപ്പമില്ലെന്നു കണ്ട് വീട്ടിലേക്കു പോയി. പക്ഷേ, പിന്നീടു പനിയും തലവേദനയും ഛര്‍ദിയും. കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക്. ക്ഷീണം തുടര്‍ന്നതോടെ അമ്മയ്‌ക്കൊപ്പം നേരേ മെഡിക്കല്‍ കോളജില്‍. അവിടെ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രി ഐസിയുവിലേക്കും വെന്റിലേറ്ററിലേക്കും മാറ്റി.

നീണ്ട പത്ത് ദിവസത്തിന് ശേഷമാണ് അജന്യ വീണ്ടും ഓര്‍മകളിലേക്ക് മടങ്ങിവന്നത്. മരണത്തിന് മുന്നില്‍ നിന്നാണ് താന്‍ തിരിച്ചുവന്നതെന്ന് അജന്യ അറിയുന്നത് വെന്റിലേറ്ററില്‍ നിന്ന് പുറത്തിറക്കിയപ്പോഴാണ്. അത്രയും നാള്‍ തമാശമട്ടില്‍ നിപ്പയെക്കുറിച്ച് പറഞ്ഞ ഡോക്റ്ററിന്റെ വാക്കുകള്‍ കേട്ട് തനിക്കൊന്നുമില്ലെന്ന വിശ്വാസത്തിലായിരുന്നു.

'ബോധം വീണ്ടുകിട്ടിയപ്പോള്‍ മുന്നിലെത്തിയ ഡോക്ടറോട് എനിക്കെന്താണു പറ്റിയതെന്നു ചോദിച്ചു. അദ്ദേഹം തമാശമട്ടില്‍ നിപ്പ വൈറസിനെപ്പറ്റി പറഞ്ഞു. ഉടന്‍ പോകാമെന്നു പറഞ്ഞു. പുറത്തു നടക്കുന്ന സംഭവങ്ങളെപ്പറ്റി ഒന്നുമറിയാതിരുന്ന ഞാന്‍ എനിക്കൊന്നുമില്ലെന്ന വിശ്വാസത്തില്‍ കിടന്നു. എന്നെ ശുശ്രൂഷിച്ച നഴ്‌സ് ചേച്ചിമാരുടെ ഉത്സാഹം കണ്ടപ്പോള്‍ ആത്മവിശ്വാസം കൂടി. എല്ലാം സുഖപ്പെട്ട് അവിടെനിന്നു മെഡിക്കല്‍ കോളജ് നിരീക്ഷണ വാര്‍ഡിലെത്തിയപ്പോഴാണു ഞാന്‍ കടന്നുപോയത് എത്ര വലിയ ദുരന്തത്തിലൂടെയാണെന്ന അറിവുണ്ടായത്.' അജന്യ പറഞ്ഞു.

പഠനം പൂര്‍ത്തിയാക്കി അനേകരെ പരിചരിക്കുന്ന മാലാഖയായി പറന്നു നടക്കണമെന്നാണ് അജന്യയുടെ ആഗ്രഹം. 'എല്ലാവരോടും നന്ദിയുണ്ട്. എനിക്കു വേണ്ടി പ്രാര്‍ഥിച്ചവര്‍. എന്നെ നോക്കിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍. നന്ദി എങ്ങനെ പറയണമെന്നറിയില്ല. എല്ലാം ഭേദപ്പെട്ട് ഇനി നഴ്‌സിങ് സ്‌കൂളിലേക്കു തിരിച്ചുപോകണം. പഠനം പൂര്‍ത്തിയാക്കണം. പിന്നെ, അനേകരെ പരിചരിക്കുന്ന മാലാഖയായി പറന്നു നടക്കണം'. ഇപ്പോള്‍ അജന്യയ്‌ക്കൊപ്പം അച്ഛന്‍ ശ്രീധരനും അമ്മ വിജിതയുമുണ്ട്. അസുഖം പൂര്‍ണമായി മാറി കൂട്ടുകാരുടെ അടുത്തേക്ക് തിരികെ പോകാന്‍ കാത്തിരിക്കുകയാണ് ഈ പെണ്‍കുട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com