സുധീരന് യുഡിഎഫില്‍ തുടരാമെങ്കില്‍ കേരള കോണ്‍ഗ്രസിനും ആകാം ;  അവഗണന സഹിക്കില്ലെന്നും കെ എം മാണി

രാജ്യസഭ സീറ്റ് തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിനെതിരെയുളള വിമര്‍ശനങ്ങളില്‍ ആഞ്ഞടിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി.
സുധീരന് യുഡിഎഫില്‍ തുടരാമെങ്കില്‍ കേരള കോണ്‍ഗ്രസിനും ആകാം ;  അവഗണന സഹിക്കില്ലെന്നും കെ എം മാണി

പാലാ: രാജ്യസഭ സീറ്റ് തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിനെതിരെയുളള വിമര്‍ശനങ്ങളില്‍ ആഞ്ഞടിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. കേരള കോണ്‍ഗ്രസ് പുറത്തു നിന്നു വന്നുകയറിയ മൂന്നാം കക്ഷിയല്ല. തങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കാവുന്ന സീറ്റാണ് ഇപ്പോള്‍ വിട്ടുതന്നിരിക്കുന്നത്. ഇത് ആരുടെയും ഔദാര്യമായി കണക്കാക്കേണ്ടെന്ന് മാണി മനോരമയോട് പറഞ്ഞു.


കേരള കോണ്‍ഗ്രസിനു രാജ്യസഭാസീറ്റ് നല്‍കിയതില്‍ വി.എം.സുധീരനുള്ള എതിര്‍പ്പ് വ്യക്തിപരം മാത്രമാണ്. രാജ്യസഭാസീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നം കോണ്‍ഗ്രസിനെ തളര്‍ത്തില്ല. സഖ്യകക്ഷികള്‍ ശക്തിപ്പെടുമ്പോള്‍ യുഡിഎഫ് ശക്തമാകും. അപ്പോള്‍ കോണ്‍ഗ്രസും കരുത്തുനേടും- മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് വന്നതുകൊണ്ട് യുഡിഎഫിലെ സാമുദായിക സന്തുലനം തകരില്ല. ക്രിസ്ത്യന്‍-മുസ്‌ലിം മുന്നണിയാണെന്നു തോന്നുന്നെങ്കില്‍ സുധീരന്‍ എന്തിനാണു യുഡിഎഫില്‍ തുടരുന്നതെന്നും മാണി ചോദിച്ചു. 

രാജ്യസഭാ സീറ്റ് ഏറ്റെടുക്കാന്‍ ജോസ്.കെ.മാണിക്കു കാര്യമായ താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ട്ടി ഒന്നടങ്കം ആവശ്യപ്പെട്ടപ്പോള്‍ സമ്മതിക്കുകയായിരുന്നു. 

ചിലര്‍ വല്യേട്ടന്‍ മനോഭാവം കാണിച്ചു, അതുകൊണ്ടാണ് ഇടയ്ക്കു ഞങ്ങള്‍ വിട്ടു പോന്നത്. എന്നാല്‍ അന്നു വിട്ടുപോകാനുള്ള കാരണം ഇപ്പോള്‍ ഇല്ലാതായി. കോണ്‍ഗ്രസിലെ എല്ലാ മുതിര്‍ന്ന നേതാക്കളും പാലായിലേക്കു വന്നു. സൗഹൃദാന്തരീക്ഷം ഉണ്ടായതിനെത്തുടര്‍ന്നാണു തിരികെയെത്തിയത്. അതിനിടെ ഇടതുമുന്നണിയില്‍ ചേരാന്‍ കേരള കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടായില്ലെന്നും കെ എം മാണി പറഞ്ഞു. 

ഇനിയും യുഡിഎഫില്‍ പാര്‍ട്ടിയോടു പരിഗണന കുറഞ്ഞാല്‍ പ്രതികരിക്കും. കേരള കോണ്‍ഗ്രസിനു പ്രതികരണശേഷി ഒരിക്കലും നഷ്ടപ്പെടില്ലെന്നും മാണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com