മഴ കനത്തു; ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2018 12:33 PM  |  

Last Updated: 10th June 2018 12:33 PM  |   A+A-   |  

rain-thunderstorm-1

 

ഇടുക്കി; ഇടുക്കിയില്‍ മഴ കനത്തതിനെത്തുടര്‍ന്ന് പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കി. ജില്ല കളക്റ്ററാണ് അവധി പ്രഖ്യാപിച്ചത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ജില്ല ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. 

ഇടുക്കി രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി. ആളപായമില്ല. വള്ളത്തൂവല്‍ ശല്യാംപാറ ഭാഗത്ത് മണ്ണിടിഞ്ഞുവീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പനയിലും കുമളിയിലും ശക്തമായ മഴയും കാറ്റുമുണ്ടായി. കട്ടപ്പന കുട്ടിക്കാനം റോഡില്‍ ആലടിക്ക് സമീപം മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസപ്പെട്ടു.

കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനോടകം പത്ത് പേര്‍ മഴയെത്തുടര്‍ന്ന് മരണപ്പെട്ടു. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കടല്‍ കൂടുതല്‍ പ്രക്ഷുഭ്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.