കാണാതായ ജസ്‌ന ചെന്നൈയിലെത്തിയിരുന്നു? വിവരം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്ന് ആരോപണം

മാര്‍ച്ച് 26ന് സന്ധ്യയ്ക്ക് കടയില്‍ നില്‍ക്കുന്ന ജസ്‌നയെ കണ്ടെന്നും ഈ സമയം ജസ്‌ന ഫോണ്‍ ചെയ്യുകയായിരുന്നു എന്നുമാണ് പ്രദേശവാസി പറയുന്നത്
കാണാതായ ജസ്‌ന ചെന്നൈയിലെത്തിയിരുന്നു? വിവരം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്ന് ആരോപണം

കൊച്ചി: കാണാതായ മെഡിക്കല്‍ കോളെജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജയിംസ്(20) ചെന്നൈയിലെത്തിയിരുന്നതായി സൂചന. ജെസ്‌നയെ ചെന്നൈയില്‍ വെച്ച് കണ്ടെന്ന് പ്രദേശവാസിയായ മലയാളിയും കടയുടമയും പറയുന്നു. 

മാര്‍ച്ച് 26ന് സന്ധ്യയ്ക്ക് കടയില്‍ നില്‍ക്കുന്ന ജസ്‌നയെ കണ്ടെന്നും ഈ സമയം ജസ്‌ന ഫോണ്‍ ചെയ്യുകയായിരുന്നു എന്നുമാണ് പ്രദേശവാസി പറയുന്നത്. 27ന് ഉച്ചയോടെ എരുമേലി പൊലീസ് സ്റ്റേഷനില്‍ ഇക്കാര്യം വിളിച്ചറിയിച്ചു. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നടപടി ഒന്നുമുണ്ടായില്ലെന്നാണ് ആരോപണം. 

പെരിയാര്‍ നഗര്‍ 6 സ്ട്രീറ്റിലേക്ക് പോകാനുള്ള വഴിയാണ് പെണ്‍കുട്ടി തിരക്കിയതെന്നും കടക്കാരന്‍ പറയുന്നു. എന്നാല്‍ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജസ്‌നയെ കണ്ടതായി വിവരം അറിയിച്ചതെന്നും ഇത് വിശ്വാസ്യയോഗ്യമല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.  ചെന്നൈ

48 ദിവസമായി ജസ്‌നയെ കാണാതായിട്ട്. കൊല്ലമുളയിലെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെ നിന്ന് ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തിയ ജസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു. എരുമേലി ബസ് സ്റ്റാന്‍ഡില്‍ മുണ്ടക്കയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തേക്ക് ജസ്‌ന നീങ്ങിയത് കണ്ടവരുണ്ടെങ്കിലും പിന്നീട് ജസ്‌നയെ കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ല. 

അതിനിടെ കഴിഞ്ഞ ദിവസം ജസ്‌ന ബംഗളൂരുവിലെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ബംഗളൂരു മഡിവാളയിലെ ആശ്വാസ ഭവനില്‍ ജസ്‌ന എത്തിയതായിട്ടായിരുന്നു റിപ്പോര്‍ട്ട്. ഇവിടെ താമസിക്കാന്‍ മുറി അന്വേഷിച്ച് ചെന്നതായും മുറി ഇല്ലെന്ന് വ്യക്തമാക്കിയതോടെ മൈസൂരിലേക്ക് പോയതായുമാണ് ആശ്രമ അധികൃതരുടെ വിശദീകരണം. 

ബൈക്കില്‍ യുവാവിന് ഒപ്പമായിരുന്നു ജസ്‌ന എന്ന് സംശയിക്കപ്പെടുന്ന യുവതി അവിടെ എത്തിയത്. ഫോട്ടോയിലുള്ള അതേ സ്‌കാര്‍ഫുകൊണ്ട് തലമറച്ചാണ് എത്തിയതെന്നും അവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com