നിപ്പ മരണം:മൃതദേഹം സംസ്‌കരിച്ചതിന് പിന്നാലെയുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ്‌ ശ്മശാന ജീവനക്കാരന്‍ 

നിപ്പ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനി സജീഷിന്റെ മൃതദേഹം സംസ്‌കരിച്ച ശ്മശാനത്തിലെ ജീവനക്കാരനെയും കുടുംബത്തെയും സാമൂഹികമായി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതായി പരാതി
നിപ്പ മരണം:മൃതദേഹം സംസ്‌കരിച്ചതിന് പിന്നാലെയുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ്‌ ശ്മശാന ജീവനക്കാരന്‍ 

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനി സജീഷിന്റെ മൃതദേഹം സംസ്‌കരിച്ച ശ്മശാനത്തിലെ ജീവനക്കാരനെയും കുടുംബത്തെയും സാമൂഹികമായി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതായി പരാതി. തന്റെ ഭാര്യയും പെണ്‍മക്കളും കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്കു നിപ്പ ബാധയുണ്ടെന്നു ചിലര്‍ പ്രചാരണം നടത്തുന്നതായും  വെസ്റ്റ്ഹില്‍ ശ്മശാന ജീവനക്കാരന്‍ കെ.വി. അജിത്കുമാര്‍ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതര്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നതായും ഇതുവരെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും അജിത് പറയുന്നു.

സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോഴാണു മൃതദേഹം ലിനിയുടേതാണെന്ന് അജിത് അറിയുന്നത്. മൃതദേഹം കൊണ്ടുവന്നവര്‍ കയ്യുറയും മാസ്‌കും ധരിച്ചിരുന്നെങ്കിലും അജിത്തിന് അതൊന്നുമുണ്ടായിരുന്നില്ല. തോര്‍ത്തുകൊണ്ട് മുഖം മറച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്. 

21നു പുലര്‍ച്ചെ അഞ്ചേകാലിനായിരുന്നു ചടങ്ങുകള്‍. ലിനിയുടെ മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തിലാണു സംസ്‌കരിച്ചതെന്നാണ് അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, സംസ്‌കാരച്ചടങ്ങുകള്‍ നടന്നതു വെസ്റ്റ്ഹില്ലിലാണെന്ന വിവരം 31നു പുറത്തുവന്നു.

അജിത് ഈ ചടങ്ങുകളില്‍ പങ്കെടുത്തെന്നറിഞ്ഞതോടെ ആളുകള്‍ക്കു പേടിയായി. ഇയാള്‍ക്കു പനിയാണെന്നും വൈറസ് പിടിപെട്ടെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. അയല്‍വാസികളില്‍ ചിലര്‍ ഒഴിഞ്ഞുപോയെന്ന് അജിത് പറയുന്നു. ഭാര്യ ഷീബയും മക്കളായ അഖിഷ്മയും അമീഷയും കടുത്ത വിഷമത്തിലായി. വേണ്ടപ്പെട്ടവര്‍പോലും ഒറ്റപ്പെടുത്തിയപ്പോള്‍ വീടുവിറ്റ് മറ്റെവിടേക്കെങ്കിലും മാറാന്‍ ഭാര്യ അജിത്തിനെ നിര്‍ബന്ധിച്ചു തുടങ്ങിയതായി സുഹൃത്ത് ആനന്ദ് പറഞ്ഞു.

നിപ്പ ബാധിച്ചു മരിച്ചവരുടെ ബന്ധുക്കളെയോ നിപ്പ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയോ ഒരുതരത്തിലും ഒറ്റപ്പെടുത്താന്‍ പാടില്ലെന്നു കലക്‌റുടെ നിര്‍ദേശമുള്ളപ്പോഴാണ് അജിത്തും കുടുംബവും ഇത്തരത്തില്‍ മനോവിഷമം നേരിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com