മാണിയുടേത് ചാഞ്ചാട്ട രാഷ്ട്രീയം; ജനങ്ങളെ അഭിമുഖീകരിക്കാന്‍ പേടിച്ച് ജോസ്.കെ.മാണി രാജ്യസഭയിലേക്ക് പോകുന്നുവെന്ന് സുധീരന്‍

മാണിയുടെ ഈ ചാഞ്ചാട്ട രാഷ്ട്രീയം ജനങ്ങളിലുള്ള വിശ്വാസവും ഇല്ലാതെയാക്കി. ഇതിനെ തുടര്‍ന്നാണ് ജോസ്.കെ.മാണി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മടിച്ച് രാജ്യസഭയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്
മാണിയുടേത് ചാഞ്ചാട്ട രാഷ്ട്രീയം; ജനങ്ങളെ അഭിമുഖീകരിക്കാന്‍ പേടിച്ച് ജോസ്.കെ.മാണി രാജ്യസഭയിലേക്ക് പോകുന്നുവെന്ന് സുധീരന്‍

കെ.എം.മാണിയുടേത് ചാഞ്ചാട്ട രാഷ്ട്രീയമെന്ന് വി.എം.സുധീരന്‍. ബിജെപിയുമായും, സിപിഎമ്മുമായും യുഡിഎഫുമായും ഒരേസമയം വിലപേശല്‍ നടത്തിയ മാണിയുടെ വിശ്വാസ്യത ഇല്ലാതെയായി. ബിജെപിയിലേക്ക് ഇനി പോകില്ലെന്ന് മാണിക്ക് പ്രഖ്യാപിക്കാന്‍ സാധിക്കുമോ എന്നും സുധീരന്‍ ചോദിക്കുന്നു. 

മാണിയുടെ ഈ ചാഞ്ചാട്ട രാഷ്ട്രീയം ജനങ്ങളിലുള്ള വിശ്വാസവും ഇല്ലാതെയാക്കി. ഇതിനെ തുടര്‍ന്നാണ് ജോസ്.കെ.മാണി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മടിച്ച് രാജ്യസഭയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. ജോസ്.കെ.മാണിയുടെ രാഷ്ട്രീയ ഭാവി മുന്നില്‍ വെച്ച്, ജന വിശ്വാസ്യതയില്‍ സംശയമുള്ളത് കൊണ്ടാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് തട്ടിയെടുത്തതെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് മുന്നണിയെ ശക്തിപ്പെടുത്തും എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെ രാജ്യസഭാ സീറ്റ് മേടിച്ചെടുത്തതിലൂടെ യുപിഎ മുന്നണിയുടെ ശക്തി ഇല്ലാതാക്കുകയാണ് ചെയ്തിരിക്കുന്നത്. ബിജെപിക്കെതിരെ മതേതര ശക്തികള്‍ ഒന്നിച്ചു നിന്ന് പോരാടേണ്ടി സമയത്ത് ലോക സഭയിലെ അംഗത്വം കളഞ്ഞ് പോകുന്നത് യുപിഎയ്ക്ക് നഷ്ടമാണ്, ബിജെപിക്ക് നേട്ടവും. 

സമദൂരം എന്ന് പറയുന്ന മാണി നാളെ ബിജെപിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പെന്നും സുധീരന്‍ ചോദിക്കുന്നു. ബിജെപിയില്‍ ചേരില്ലെന്ന് പരസ്യമായി മാണി പ്രഖ്യാപിക്കണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുവാനുള്ള ഉത്തരവാദിത്വം മാണിക്കുണ്ട്. യുഡിഎഫ് വിടുന്ന സമയത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മാണി ഉന്നയിച്ചത്. ആ വിമര്‍ശനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നും മാണി വ്യക്തമാക്കണം. അല്ലെങ്കില്‍ അന്ന് ഉന്നയിച്ച വിമര്‍ശനങ്ങളില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കാന്‍ മാണി തയ്യാറാകണം എന്നും സുധീരന്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com