കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന്
By സമകാലികമലയാളം ഡെസ്‌ക് | Published: 11th June 2018 07:08 AM |
Last Updated: 11th June 2018 07:08 AM | A+A A- |

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ചൊല്ലി പരസ്യപ്രതികരണം പൊട്ടിത്തെറിയിലെത്തി നില്‍ക്കെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. തീരുമാനം എടുത്ത മൂവര്‍സംഘത്തിനെതിരെ കടുത്ത വിമര്‍ശനം ഉറപ്പാണെങ്കിലും പരസ്യപ്രതികരണം അവസാനിപ്പിക്കണമെന്ന് ഹൈക്കമാന്റ് നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചേക്കും. 21 അംഗങ്ങളാണ് കെപിസിസി നിര്‍വ്വാഹക സമിതിയിലുള്ളത്.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസ്സനും ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കടുത്ത അതൃപ്തിയുണ്ട്.സീറ്റ് കൊടുത്തതില്‍ പ്രധാനപ്രതി ഉമ്മന്‍ചാണ്ടി തന്നെയാണെന്ന് പരസ്യപ്രതികരണവുമായി പിജെ കുര്യന്‍ രംഗത്തെത്തിയിരുന്നു. ശക്തമായ വിയോജിപ്പ് പരസ്യമാക്കി വിഎം സുധീരനും രംഗത്തുണ്ട്. യുവനേതാക്കളും എംഎല്‍മാരും എന്നുവേണ്ട ഹൈക്കമാന്റിനെ പോലും അമ്പരപ്പിക്കുന്ന പ്രതിഷേധത്തിന് കാരണമായ തീരുമാനം എന്തായാലും രാഷ്ട്രീയകാര്യ സമിതിയില്‍ വന്‍ കലാപത്തിനിടയാക്കുമെന്ന് ഉറപ്പാണ്.
അതേസമയം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പികെ കുഞ്ഞാലിക്കുട്ടിയും എല്ലാം ചേര്‍ന്ന് ഹൈക്കമാന്റിനെ കൂടി ബോദ്ധ്യപ്പെടുത്തിയെടുത്ത തീരുമാനത്തില്‍ ഉമ്മന്‍ചാണ്ടിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. ഇതും രാഷ്ട്രീയകാര്യ സമിതിയില്‍ പ്രതിഫലിക്കും .ഹൈക്കമാന്‍ഡ് അംഗീകരിച്ചതിനാല്‍ തീരുമാനം മാറ്റാന്‍ ആകില്ല. എന്നാല്‍ ഇനിയും മൂന്നു നേതാക്കള്‍ മാത്രം തീരുമാനം എടുക്കുന്ന രീതി മാറ്റാന്‍ ഹൈക്കമാന്‍ഡ് ഇടപെടലിനായി വിമര്‍ശകരുടെ ശ്രമം തുടരും. മൂന്നു മണിക്കാണ് യോഗം. നാല് മണിക്ക് വിജയവാഡക്ക് തിരിക്കുന്ന ഉമ്മന്‍ചാണ്ടി യോഗത്തിനെത്തിയേക്കില്ല.