മുന്‍ എംഎല്‍എ എഎം പരമന്‍ അന്തരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 11th June 2018 07:23 AM |
Last Updated: 11th June 2018 08:07 AM | A+A A- |

തൃശൂര്‍: മുന്‍ എംഎല്‍എയും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന എഎം പരമന്‍ അന്തരിച്ചു. 1987-92വരെ ഒല്ലൂര്‍ നിയമസഭാംഗമായിരുന്നു.
ഐനിവളപ്പില്‍ മാധവന്റെയും ലക്ഷ്മിയുടെയും മകനായ എ എം പരമന്‍ പതിന്നാലാം വയസില്‍ സീതാറാം മില്ലിലെ തൊഴിലാളിയായാണ് തൊഴിലാളികളെ സംഘടിപ്പിക്കാന്‍ തുടക്കമിട്ടത്. അന്ന് മില്ലില്‍ 16 അണയ്ക്ക് പണിയെടുത്താല്‍ 14 അണയേ കൂലി കിട്ടൂ. ഈ ചൂഷണത്തിനെതിരെ സീതാറാം ടെക്സ്റ്റയില്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന സംഘടനക്ക് രൂപം നല്‍കി.
സ്വാതന്ത്ര്യം കിട്ടുന്നതിനും നാല് വര്‍ഷം മുമ്പ് പ്രസംഗത്തില്‍ രാജ്യദ്രോഹമുണ്ടെന്ന് ആരോപിച്ച് അദ്ദേഹം അറസ്റ്റിലായി. പിന്നെയും പലവട്ടം അറസ്റ്റ് ചെയ്തും ലോക്കപ്പിലിട്ടും നിശ്ശബ്ദനാക്കാന്‍ ഭരണകൂടം ശ്രമിച്ചെങ്കിലും വീര്യം ഒട്ടും ചോര്‍ന്നില്ല. 1945 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം, എഐടിയുസി സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, വര്‍ക്കിങ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മൂന്ന് പതിറ്റാണ്ട് തൃശ്ശൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്നു.