ജസ്‌നയെ നിരന്തരം വിളിച്ചിരുന്ന യുവ സുഹൃത്തിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് 

ജസ്‌നയുടെ തിരോധാനത്തില്‍ യുവ സുഹൃത്തിനെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത് ആലോചിക്കുന്നതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍
 ജസ്‌നയെ നിരന്തരം വിളിച്ചിരുന്ന യുവ സുഹൃത്തിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് 

കോട്ടയം: ജസ്‌നയുടെ തിരോധാനത്തില്‍ യുവ സുഹൃത്തിനെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത് ആലോചിക്കുന്നതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍. തിരോധാനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എല്ലാ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.  ചോദ്യം ചെയ്യലില്‍ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

ജസ്‌ന നാടുവിട്ടുവെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടു പോവുകയാണ് പോലീസ്. ജസ്‌നയുടെ യുവ സുഹൃത്തിന് പലതും അറിയാമെന്ന് പൊലീസ് വിലയിരുത്തുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സാഹചര്യത്തില്‍ ശാസ്ത്രീയ അന്വേഷണത്തിലേക്ക് കടക്കുന്നതിന്റെ സാധ്യത പരിശോധിച്ചുവരുകയാണ് പൊലീസ്. 

ജസ്‌നയെ കാണാതായതിനു തൊട്ടുമുന്‍പുപോലും ഇയാളുടെ ഫോണിലേക്ക് എസ്എംഎസ് സന്ദേശം പോയിട്ടുണ്ട്. അന്വേഷണ സംഘം പലതവണ ചോദ്യംചെയ്‌തെങ്കിലും ഇയാള്‍ ഒന്നും പറഞ്ഞില്ലെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടി എവിടെപ്പോയെന്ന് അറിയില്ലെന്നാണ് ആവര്‍ത്തിച്ചുള്ള മറുപടി. ജസ്‌നയെ കാണാതായതിന്റെ പിറ്റേന്ന് ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നതായും പൊലീസ് സൂചന നല്‍കി. മുക്കൂട്ടുതറയില്‍ നിന്ന് കുറച്ചു സമയം യാത്ര ചെയ്താല്‍ പരുന്തുംപാറയിലെത്താം. യുവാവുമായി മുമ്പും ജെസ്‌ന ഇവിടെ പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംശയങ്ങള്‍ ബലപ്പെടുന്നത്. അഗാധ ഗര്‍ത്തങ്ങള്‍ ഇവിടെയുണ്ട്. ഇവിടെയെല്ലാം പൊലീസ് പരിശോധന നടത്തും. 

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം യുവാവ് സമ്മതിച്ചാല്‍ മാത്രമേ ഇത്തരം പരിശോധനകള്‍ നടത്താനാകൂ. വിസമ്മതം അറിയിച്ചാല്‍ അത് സംശയിക്കാനുള്ള മറ്റൊരു കാരണവുമാകും. അങ്ങനെ വന്നാല്‍ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്ന അവസ്ഥയും വരും. ജസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, ജെസ്‌നയുടെ സ്ഥലമായ മുക്കൂട്ടുതറ, വെച്ചൂച്ചിറ തുടങ്ങിയിടങ്ങളില്‍ പോലീസ് വിവരശേഖരണ പെട്ടി സ്ഥാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com