വീണാ ജോര്‍ജ്ജിനെ തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ; പ്രതികരണമില്ലാതെ സിപിഎം

സമൂഹമാധ്യമത്തില്‍ വീണ ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ എംഎല്‍എയ്‌ക്കെതിരെ പരിഹാസവര്‍ഷം
വീണാ ജോര്‍ജ്ജിനെ തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ; പ്രതികരണമില്ലാതെ സിപിഎം

കൊച്ചി: സമൂഹമാധ്യമത്തില്‍ വീണ ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ എംഎല്‍എയ്‌ക്കെതിരെ പരിഹാസവര്‍ഷം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ വിവരിച്ച പോസ്റ്റില്‍ തന്നെ വ്യക്തിപരമായ അധിക്ഷേപിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി എംഎല്‍എ നല്‍കിയ പരാതിയിലാണ് ഇലന്തൂര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ സൂരജിനെ(38) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

എന്നാല്‍ അറസ്റ്റിനു പിന്നാലെ നടപടിക്കെതിരെ കടുത്ത പ്രതിക്ഷേധമാണു സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. വികസനകാര്യം ചൂണ്ടിക്കാണിച്ചതിന് ഒരു ചെറുപ്പക്കാരനെ അറസ്റ്റു ചെയ്യിച്ചത് എംഎല്‍എയുടെ അസഹിഷ്ണതയാണെന്നാണ് ചിലരുടെ ആരോപണം. പൊലീസില്‍നിന്ന് ആര്‍ക്കും കിട്ടാത്ത നീതിയാണ് എംഎല്‍എയ്ക്കു ലഭിച്ചതെന്നും ചിലര്‍ ആരോപിക്കുന്നു. എന്നാല്‍ ്ഇത്രയേറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടും പിന്തുണയുമായി ഇതുവരെ സൈബര്‍ സഖാക്കളോ നേതാക്കളോ എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

എംഎല്‍എ മാഡം ബ്യൂട്ടിപാര്‍ലറുകളും ഓര്‍ത്തഡോക്‌സ് വിരുന്നുകളും കഴിഞ്ഞിട്ട് ഇതൊന്ന് ശ്രദ്ധിച്ചാല്‍ നല്ലതായിരുന്നു എന്നു പറഞ്ഞാല്‍ എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി ഘോരഘോര പ്രസംഗിച്ച എംഎല്‍എ സ്ഥാനത്തിന്റെ ബലത്തില്‍ എന്തിനാണ് വീണാ ജോര്‍ജ് നിങ്ങള്‍ വിമര്‍ശനങ്ങളെ ഭയക്കുന്നത്. എംഎല്‍എ വിമര്‍ശിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ ഏത് സ്‌കൂളിലാണ് പൊലീസ് നിങ്ങള്‍ നിയമം പഠിച്ചത്. എന്നിങ്ങനെ തുടങ്ങി ഈ പോസ്റ്റില്‍ എന്താണ് അപകീര്‍ത്തിപ്പെടുത്തുന്നതായുള്ളത് താങ്കള്‍ ഒഴിച്ച് ബാക്കി ജനങ്ങള്‍ ഒക്കെ പൊട്ടന്മാര്‍ ആണെന്ന് കരുതരുത്. ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത താങ്കള്‍ മാപ്പ് പറയണമെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നുമായി ചിലര്‍. 

പോസ്റ്റില്‍ സ്ത്രീവിരുദ്ധത എവിടെയെന്നാണു വീണയെ വിമര്‍ശിക്കുന്നവര്‍ ചോദിക്കുന്നത്. നിരപരാധിയായ മറ്റൊരു ചെറുപ്പക്കാരനെയും വീണ ഇത്തരത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയെന്നും ചിലര്‍ ആരാപിക്കുന്നുണ്ട്. എന്നാല്‍ വികസനകാര്യം ചൂണ്ടിക്കാണിച്ചതിന്റെ പേരിലല്ല സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പോസ്റ്റിട്ടതിനാണു യുവാവിനെതിരെ കേസ് കൊടുത്തതെന്നു വിശദീകരിച്ചുകൊണ്ടു വീണാ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

എന്നാല്‍ ഇതും വലിയ വിമര്‍ശനമാണ് വരുത്തിവയ്ക്കുന്നത്. നഗരസഭയുടെ അധികാര പരിധിയിലാണ് ബസ് സ്റ്റാന്‍ഡെന്നും എംഎല്‍എയ്ക്ക് ഇതിലൊന്നും ചെയ്യാനിലെന്നുമാണു ചിലരുടെ വാദമെങ്കിലും വെള്ളം കയറി കുളമായ ബസ് സ്റ്റാന്‍ഡിന്റെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിക്കാന്‍ തുടങ്ങിയതോടെ പ്രതിരോധിക്കാന്‍ ഒരു മാര്‍ഗവുമില്ലാത്ത സ്ഥിതിയിലായി എംഎല്‍എയും പാര്‍ട്ടിയും.

വീണാ ജോര്‍ജ്ജിന്റെ വിശദീകരണം ഇങ്ങനെ

സുഹൃത്തുക്കളെ,
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ പത്തനംതിട്ട പോലീസ് മേധാവിക്ക് ഒരു പരാതി നല്‍കിയിരുന്നു.ഒരു ഫേസ്ബുക് അക്കൗണ്ടില്‍ നിന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്നതും,സ്ത്രീ എന്ന നിലയില്‍ എന്നെഅപമാനിക്കുന്നതും,അപകീര്‍ത്തിപ്പെടുത്തുന്നതുമായ പോസ്റ്റിട്ടതിനെതിരെ ആയിരുന്നു പരാതി.ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ആരെങ്കിലും ഇങ്ങനെ ചെയ്തതായി കരുതുന്നില്ലെന്നും, ആരോ ഒരു പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്തതായി ഞാന്‍ കരുതുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ ഐ പി സി 153 പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തതായി ഞാന്‍ മനസിലാക്കുന്നു. ഐ പി സി 153വകുപ്പ് മതസ്പര്ധയും മതവിദ്വേഷവും വളര്‍ത്താന്‍ ശ്രെമിച്ചതിനെതിരെ ഉള്ളതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ചിലര്‍ ബോധപൂര്‍വം പ്രെചരിപ്പിക്കുന്നതായി ഞാന്‍ മനസിലാക്കുന്നു.എനിക്ക് ഒരു ബന്ധവും ഇല്ലാത്ത ഒരു സ്വകാര്യ ധനകാര്യ സ്ഥാപനവും ആയി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമം തിരഞ്ഞെടുപ്പ് കാലത്തുതന്നെ ചില മാധ്യമങ്ങള്‍ നടത്തിയിരുന്നു .ജനങ്ങള്‍ പുച്ചിച്ച്ചു തള്ളിയ ഈ അപവാദപ്രചാരണം വീണ്ടും തുടരാനാണ് ചിലര്‍ ശ്രമിക്കുന്നത്.
1. പത്തനംതിട്ട മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് മുനിസിപ്പാലിറ്റിയുടെ അധീനതയില്‍ ആണ്. അശാസ്ത്രീയമായി ചതുപ്പുനിലം മണ്ണിട്ട് നികത്തി ബസ്സ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചത് മുന്‍സിപ്പാലിറ്റിക്കു കോടികളുടെ ബാധ്യത ആണ് വരുത്തിവെച്ചിട്ടുള്ളത് .ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിലെ അപാകതയും,അഴിമതിയും,അശാസ്ത്രീയതയും,ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടി കാട്ടി ഇടതുപക്ഷ ജനാധിപത്യമുന്നണി നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്.മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ബസ് സ്റ്റാന്‍ഡില്‍ എം ല്‍ എ ക്കു മെയ്ന്റനന്‍സ് നടത്താന്‍ കഴിയില്ല .മുന്‍സിപ്പല്‍ ഭരണം കോണ്‍ഗ്രസിന്റെ കയ്യിലാണെന്നത് വള്ളംകളിനടത്തിഅപവാദ പ്രചാരണം നടത്തിയവര്‍ക്ക് അറിയാത്തതുമല്ല,
2.വികസന വിഷയങ്ങള്‍ ഉന്നയിക്കുന്നത് ജനങ്ങളുടെ അവകാശമാണ്ജനാധിപത്യബോധമുള്ള ,16 വര്ഷം മാധ്യമങ്ങളിലൂടെ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്ന ഞാന്‍ അതില്‍ ജനങ്ങള്‍ക്കൊപ്പമേ നില്‍കുകയുള്ളൂ.
3.സ്ത്രീ എന്ന. നിലയില്‍ എന്നെ അപമാനിക്കാന്‍ ശ്രെമിച്ചതിനും മത വിദ്വേഷം പടര്‍ത്താന്‍ ശ്രെമിച്ചതിനും എതിരെയാണ് പരാതി.അല്ലാതെ വികസന പ്രശനംഉന്നയിച്ചതിനെതിരെയല്ല.സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളില്‍ കൂടി അവഹേളിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെ പ്രെസ്തവണയും അപവാദ പ്രചാരണം നടത്തുന്നവര്‍ ഓര്‍ത്താല്‍ നന്ന് .
സ്ത്രീത്വത്തെ അപമാനിക്കുന്ന മതവിദ്വേഷം പരത്തുന്ന വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റ് ഇട്ടതിനെതിരെ പൗരബോധമുള്ള ജനാധിപത്യ ബോധമുള്ള എനിക്ക് നിശ്ശബ്ദയാകാന്‍ കഴിയുമായിരുന്നില്ല. പൊതു പ്രവര്‍ത്തന രംഗത്തുള്ള സ്ത്രീകള്‍ക്കുവേണ്ടി ഇത്തരം ഇടപെടലുകള്‍ നടത്തേണ്ടത് എന്റെ ഉത്തരവാദിത്വം ആണെന്ന് ഞാന്‍ കരുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com