കമിതാക്കളെത്തിയ മൂവാറ്റുപുഴ കോടതിയില്‍ ആണ്‍-പെണ്‍ വീട്ടുകാര്‍ തമ്മിലടി; പിടിച്ചുമാറ്റാനെത്തിയ പൊലീസിനും കിട്ടി അടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2018 08:30 AM  |  

Last Updated: 12th June 2018 08:30 AM  |   A+A-   |  

lovers

മൂവാറ്റുപുഴ: കാണാതായിരുന്ന കമിതാക്കളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. ഇരുകൂട്ടരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനടക്കം അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ആണ്‍വീട്ടുകാരുടെ താത്പര്യപ്രകാരം കമിതാക്കള്‍ കോടതിയിലെത്തിയത്. കല്ലൂര്‍ക്കാട്ടു സ്വദേശികളായ ഇരുവരെയും കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായിരുന്നതാണ്. ഈ ദിവസങ്ങളില്‍ അടിമാലി ഭാഗത്ത് താമസിച്ചിരുന്ന ഇവര്‍ അഭിഭാഷകന്‍ മുഖാന്തരമാണ് കോടതിയിലെത്തിയത്. ഈ വിവരങ്ങളറിഞ്ഞ് പെണ്‍ വീട്ടുകാര്‍ എത്തിയതോടെയാണ് കോടതിവരാന്തയില്‍ തര്‍ക്കമാരംഭിച്ചത്. ഇവര്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോകാനൊരുങ്ങിയതോടെ രംഗം വഷളാകുകയായിരുന്നു. പിന്നെ ഇരൂകൂട്ടരും തമ്മിലടിയായി. 

മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൊലീസെത്തി ഇരുവീട്ടുകാരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനില്‍ സഹോദരിമാരടക്കം കരഞ്ഞുപറഞ്ഞിട്ടും പെണ്‍കുട്ടി യുവാവിനൊപ്പം പോകാനാണ് തീരുമാനം എന്നറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി കാമുകനൊപ്പം പോയി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.