സ്‌കൂള്‍ ബസ്സില്‍ ഇനി കുത്തിക്കയറ്റലും അമിതവേഗതയും നടക്കില്ല; നിയമം കര്‍ക്കശമാക്കി മോട്ടോര്‍വാഹനവകുപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th June 2018 07:51 AM |
Last Updated: 12th June 2018 07:51 AM | A+A A- |

തിരുവനന്തപുരം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ വാഹനങ്ങളിൽ ഓഗസ്റ്റ് മുതൽ ജിപിഎസ് നിർന്ധമാക്കുകയാണ് മോട്ടോർവാഹനവകുപ്പ്. ഈ മാസം മുതൽ ജിപിഎസ് നിർബന്ധമാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നെങ്കിലും കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ജിപിഎസ് സാങ്കേതികവിദ്യ മാനദണ്ഡങ്ങൾ കാരണം നിലവിലെ സോഫ്റ്റ്‌വെയർ മുഴുവൻ പുതുക്കി ചെയ്യേണ്ടിവന്നു. പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പരിഷ്കാരങ്ങൾ വരുത്തിയശേഷം ഓഗസ്റ്റ് മുതൽ സ്കൂൾ വാനുകൾക്ക് ജിപിഎസ് നിർബന്ധമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
സ്കൂൾ വാനുകളിൽ ജിപിഎസ് നിർബന്ധമാക്കുന്നതോടെ സ്കൂൾ ബസ്സുകൾ 24 മണിക്കൂറും ട്രാക്കുചെയ്യാനാകും. വാനുകൾ അപകടത്തിൽപ്പെട്ടാൽ തൽസമയം പൊലീസിനും മോട്ടോർവാഹനവകുപ്പിനും അറിയിപ്പ് ലഭിക്കുമെന്നതും ജിപിസ് ഘടിപ്പിക്കുന്നതോടെ സാധ്യമാകും. വാഹനത്തിലെ മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ ഒരു ക്ലിക്കിൽ അറിയാനാകുമെന്നതും അധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ വാഹനങ്ങളെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കുമെന്നതും ജിപിഎസ് ഘടിപ്പിക്കുന്നതിന്റെ പ്രയോജനങ്ങളാണ്. അമിതമായി കുട്ടികളെ കയറ്റിയാൾ കൺട്രോൾ റൂമിൽ വിവരെ ലഭിക്കാനുള്ള സൗകര്യവും ഉണ്ട്.
മികച്ച നിലവാരം പുലർത്തുന്ന ജിപിഎസ് നിർമാണ കമ്പനികളുടെ പട്ടിക അടുത്ത മാസം തന്നെ പ്രസിദ്ധീകരിക്കുമെന്നും അതിനുശേഷം സ്കൂൾ വാഹനങ്ങൾക്ക് പട്ടികയിലുള്ള കമ്പനികളിൽ നിന്ന് ജിപിഎസ് വാങ്ങാനാകുന്നതുമാണ് മോട്ടോർവാഹനവകുപ്പ് അറിയിച്ചിട്ടുള്ളത്. ശരാശരി 5000 രൂപയാണ് ജിപിഎസ് ഘടിപ്പിക്കാനുള്ള ചെലവ്. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫിസിൽ ജിപിഎസ് മാസ്റ്റർ കൺട്രോൾ റൂമും ജില്ലാ ആർടി ഓഫിസുകളിൽ മിനി കൺട്രോൾ റൂമുകളും പ്രവർത്തിക്കും.