ക്ഷോഭം കൊണ്ട് അലറിയ ആയിരങ്ങള്‍ക്ക് മുന്നില്‍ പക്വതയോടെ; തൃശൂരില്‍ ആദ്യ ദിനം തന്നെ താരമായി അനുപമ 

എന്ത് ചെയ്യുമെന്നറിയാതെ അധികാരികള്‍ കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുന്നിടത്തായിരുന്നു കളക്ടര്‍ സംഭവസ്ഥലത്തേക്കെത്തിയത്.  കാറില്‍ നിന്നിറങ്ങിയ കളക്ടറെ കൈയ്യടിയോടെയാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചത്
ക്ഷോഭം കൊണ്ട് അലറിയ ആയിരങ്ങള്‍ക്ക് മുന്നില്‍ പക്വതയോടെ; തൃശൂരില്‍ ആദ്യ ദിനം തന്നെ താരമായി അനുപമ 

തൃശ്ശൂര്‍: കടല്‍ പോലെ ഇളകി മറിഞ്ഞ സമരക്കാര്‍ക്ക് മുന്നില്‍ അവരെ കേള്‍ക്കാനും, അവരോട് സംസാരിക്കാനും ക്ഷമയും സമയവും നീക്കിവെച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ താരമായിരിക്കുകയാണ് കളക്ടര്‍ ടിവി അനുപമ. എറിയാട് തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടു കൊടുങ്ങല്ലൂരില്‍ ദേശീയപാത ഉപരോധിച്ച സമരക്കാരുടെ മുന്നിലേക്ക് നേരിട്ടെത്തിയ അനുപമ വളരെ തന്മയത്വത്തോടെയും പക്വതയോടെയുമാണ് അവരെ നേരിട്ടത്. 

കടല്‍ഭിത്തിയായിരുന്നു അവരുടെ പ്രശ്‌നം. എറിയാട് തീരപ്രദേശത്ത് 150മീറ്ററോളം കടല്‍ഭിത്തിയില്ലാത്തതിനാല്‍ ഈ ഭാഗത്തെ വീടുകളിലേക്ക് വെള്ളം തിരയടിച്ചെത്തും. നൂറോളം  കുടുംബങ്ങളെ ബാധിക്കുന്ന ഈ പ്രശ്‌നം ശ്രദ്ധയില്‍ കൊണ്ടുവരാന്‍ എംപിയ്ക്കും എംഎല്‍എയ്ക്കുമൊക്കെ  പരാതിനല്‍കിയെങ്കിലും ഫലമുണ്ടായില്ല.  തഹസീല്‍ദാരെ തടഞ്ഞുവെച്ച്  തങ്ങളുടെ ആവശ്യം പ്രതിഷേധമായി അറിയിച്ചപ്പോള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കടല്‍ഭിത്തി വരുമെന്ന് പറഞ്ഞ് തടിയൂരി. കാലവര്‍ഷം എത്തിയതോടെ അവസ്ഥ കൂടുതല്‍ ദയനീയമായതോടെയാണ് ഇവര്‍ പ്രതിഷേധം ശക്തമാക്കിയത്. 

ആയിരത്തോളം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ദേശീയപാതയില്‍ വണ്ടികള്‍ കുടുങ്ങികിടന്നു. ഗുരുതരക്രമസമാധാനപ്രശ്‌നങ്ങള്‍ മുന്നില്‍കണ്ട് പൊലീസ് ഉദ്യോഗസ്ഥരോട് സംയമനം പാലിക്കാനായിരുന്നു മേലുദ്യോഗസ്ഥരുടെ നിര്‍ദേശം. ക്ഷോഭംകൊണ്ട് അലറുകയായിരുന്ന ജനക്കൂട്ടത്തിന് മുന്നില്‍ പൊലിസിനും റവന്യു ഉദ്യോഗസ്ഥര്‍ക്കും രാവിലെ മുതല്‍ക്കെ നിസ്സഹായരായി നില്‍ക്കാനെ കഴിഞ്ഞൊള്ളു. 

സമരക്കാര്‍ ഉന്നയിച്ചത് ഒറ്റക്കാര്യം മാത്രം, തൃശ്ശൂരിന്റെ പുതിയ കളക്ടര്‍ ടി.വി അനുപമ സ്ഥലതെത്തണം. നാലുമണിക്കൂര്‍ പിന്നിട്ട പ്രതിഷേധം ബലംപ്രയോഗിച്ചുള്ള അറസ്റ്റിലേക്ക് നീങ്ങിയപ്പോഴും അവര്‍ വിളിച്ചുപറഞ്ഞു കളക്ടര്‍ അനുപമ വരണം. എന്ത് ചെയ്യുമെന്നറിയാതെ അധികാരികള്‍ കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുന്നിടത്തായിരുന്നു കളക്ടര്‍ സംഭവസ്ഥലത്തേക്കെത്തിയത്.

കാറില്‍ നിന്നിറങ്ങിയ കലക്ടറെ കൈയ്യടിയോടെയാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചത്. സമരക്കാര്‍ക്ക് പറയാനുള്ളത് ക്ഷമാപൂര്‍വ്വം കേട്ടു നിന്ന കലക്ടര്‍, കടല്‍ഭിത്തി ഇന്നല്ലെങ്കില്‍ നാളെ നിര്‍മിച്ചു തരാമെന്ന് ഉറപ്പുതരാനൊന്നും കഴിയില്ലെന്നും കല്ലു കിട്ടാത്ത പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അവരോട്  പറഞ്ഞു.  എന്നാല്‍ തീരദേശവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി  ഇടപെടാമെന്നും വേഗം പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാമെന്നും വാക്കു നല്‍കി.  

കടല്‍ക്ഷോഭ ബാധിത പ്രദേശം സന്ദര്‍ശിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ച കളക്ടര്‍ ഉടന്‍ തന്നെ എറിയാട് ചന്തക്കടപ്പുറത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. തിരികെയെത്തി താന്‍ പ്രശ്‌നങ്ങളെല്ലാം നേരില്‍ കണ്ടു എന്നും സമരക്കാര്‍ പറയുന്നതിന്റെ ഗൗരവം മനസിലാക്കിയിട്ടുണ്ടെന്നും അറിയിച്ചു. 'ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇന്നുതന്നെ വിളിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാം. നാളെ നിങ്ങളില്‍ രണ്ടുപേര്‍ കളക്ട്രേറ്റിലേക്ക് എത്തണം. പുരോഗതി അറിയിക്കാം. ഇപ്പോള്‍ സമരം  അവസാനിപ്പിക്കണം', കളക്ടര്‍ സമരക്കാരോട്  പറഞ്ഞു. പുതിയ കളക്ടറുടെ വാക്കുകള്‍ വിശ്വസിച്ച് തങ്ങള്‍ സമരം അവസാനിപ്പിക്കുകയാണെന്നറിയിച്ച് തീരദേശവാസികള്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. 

കളക്ട്രേറ്റില്‍ വിളിച്ചു ചേര്‍ത്ത ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും, താത്ക്കാലിക തടയണ, കടല്‍ഭിത്തി പുനര്‍നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ പരമാവധി വേഗത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പു നല്‍കുകയുമായിരുന്നു. വലിയ ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുമായിരുന്ന പ്രശ്‌നമാണ് കൃത്യമായ ഇടപെടല്‍ നടത്തി കളക്ടര്‍ പരിഹരിച്ചത്. കൊടുങ്ങല്ലൂരില്‍ നിന്ന് മടങ്ങിയ കലക്ടറെ അഭിവാദ്യങ്ങളര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചാണ് സമരക്കാര്‍ യാത്രയാക്കിയത്. കളക്ടറായി ചുമതല ഏറ്റെടുത്ത ശേഷം അനുപമ നടത്തിയ ആദ്യ ഇടപെടലാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com