നാലുവയസ്സുകാരനെ സ്‌കൂള്‍ ബസ് ജീവനക്കാര്‍ ഇറക്കിയത് നാലു കിലോമീറ്റര്‍ അകലെ

സ്‌കൂള്‍ ബസ്സില്‍ വീട്ടിലേക്ക് മടങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥിയെ ജീവനക്കാര്‍ അബദ്ധത്തില്‍ സ്റ്റോപ്പ് മാറ്റി ഇറക്കി
നാലുവയസ്സുകാരനെ സ്‌കൂള്‍ ബസ് ജീവനക്കാര്‍ ഇറക്കിയത് നാലു കിലോമീറ്റര്‍ അകലെ

പാലക്കാട്: സ്‌കൂള്‍ ബസ്സില്‍ വീട്ടിലേക്ക് മടങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥിയെ ജീവനക്കാര്‍ അബദ്ധത്തില്‍ സ്റ്റോപ്പ് മാറ്റി ഇറക്കി. നാലു കിലോമീറ്റര്‍ അകലെയുള്ള സ്റ്റോപ്പിലിറക്കിയ കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബാഗിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ രക്ഷിതാക്കളെ വിവരമറിയിച്ചു.

ഇന്നലെ വൈകീട്ടാണ് സംഭവം. കഞ്ചിയക്കോട്ടെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന നാലുവയസ്സുകാരന്റെ വീട് നഗരത്തിലെ മണലിയിലാണ്. കല്‍മണ്ഡപം സ്റ്റോപ്പില്‍ ഇറക്കുന്നതിന് പകരം പൊള്ളാച്ചി റോഡിലെ എലപ്പുള്ളി കുന്നാച്ചിയിലാണ് ഇറക്കിവിട്ടത്. സ്റ്റോപ്പിലിറക്കിയ ശേഷം ബസ്സ് വിട്ടതോടെ കുട്ടി റോഡില്‍ നിന്നും കരയാന്‍ തുടങ്ങി. സമീപവാസികളും സ്റ്റോപ്പിലുണ്ടായിരുന്ന കുന്നാച്ചി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും കുട്ടിയോട് വിവരങ്ങള്‍ തിരക്കി. ഇവര്‍ കുട്ടിയുടെ ബാഗ്  പരിശോധിച്ചപ്പോള്‍ രക്ഷിതാക്കളുടെ ഫോണ്‍ നമ്പര്‍ കിട്ടി. ഈ സമയത്ത് അച്ഛന്‍ കുട്ടിയെ കാണാത്ത പരിഭ്രമത്തോടെ കല്‍മണ്ഡപത്തെ സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഫോണില്‍ വിവരം അറിഞ്ഞ ഉടന്‍ അദ്ദേഹം കുന്നിച്ചിയില്‍ എത്തി

സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com