സബ് ജഡ്ജി കുത്തിയിരുന്നു പ്രതിഷേധിച്ചു; മണിക്കൂറുകള്‍ക്കകം നീക്കിയത് 12 ലോഡ് മാലിന്യം

എറണാകുളം ബ്രോഡ്‌വേയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് സബ് ജഡ്ജി നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധത്തിന് ഫലം കണ്ടു.
photo: A Sanesh
photo: A Sanesh

കൊച്ചി: എറണാകുളം ബ്രോഡ്‌വേയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് സബ് ജഡ്ജി നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധത്തിന് ഫലം കണ്ടു.  പന്ത്രണ്ടു ലോഡ് മാലിന്യങ്ങള്‍ ലോറിയിലാക്കി പ്രദേശത്ത് നിന്ന് കൊച്ചി കോര്‍പ്പറേഷന്‍ നീക്കം ചെയ്തു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കൂടിയായ എ.എം.ബഷീര്‍ നടത്തിയ ഒറ്റയാള്‍ പ്രതിഷേധത്തിനാണ് ഫലം കണ്ടത്. മാലിന്യകൂമ്പാരത്തിന് അരികെ ഇരുന്ന് പ്രതിഷേധിച്ച സബ് ജഡ്ജി മാലിന്യം മുഴുവന്‍ നീക്കം ചെയ്ത ശേഷമേ താന്‍ സ്ഥലത്ത് നിന്ന് മടങ്ങിപ്പോകുകയുള്ളൂവെന്നു ശക്തമായ നിലപാടെടുത്തു. വാര്‍ത്ത പുറംലോകമറിഞ്ഞതോടെ കോര്‍പ്പറേഷന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു.

എറണാകുളം മാര്‍ക്കറ്റിലെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബഷീറിന് പരാതികള്‍ ലഭിച്ചിരുന്നു. കൂടാതെ മാര്‍ക്കറ്റില്‍ വിഷലിപ്തമായ പച്ചക്കറികളാണ് വില്‍ക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മാര്‍ക്കറ്റില്‍ പരിശോധനയ്ക്കായി എത്തിയത്. മാര്‍ക്കറ്റിലെത്തിയ ജഡ്ജി കണ്ട കാഴ്ച അതിദയനീമായിരുന്നു. പലയിടത്തായി മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നതാണ് ജഡ്ജി കണ്ടത്. ഇതോടെയാണ് മാലിന്യം നീക്കം ചെയ്തല്ലാതെ മടങ്ങില്ലെന്ന നിലപാടില്‍ ബഷീര്‍ എത്തിയത്. സമീപത്തെ കടയില്‍ നിന്നൊരു കസേരയെടുത്ത് ജഡ്ജി ഇരിപ്പും പിടിച്ചു.

മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കൊന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഇല്ലെന്ന കാര്യവും ജഡ്ജി ഇതിനിടെ പരിശോധിച്ച് കണ്ടെത്തി. കൂടാതെ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ കാലങ്ങളായി നീക്കം ചെയ്യാതെ കിടക്കുന്നതാണെന്നും മനസിലായി. ജഡ്ജി പ്രതിഷേധിക്കുന്ന വിവരം അറിഞ്ഞ് നഗരസഭയില്‍ നിന്നും മറ്റും ജീവനക്കാരെത്തി മാലിന്യം നീക്കം ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു. ഒരു ദിവസം പത്ത് ലോഡ് മാലിന്യം ഇവിടെ നിന്ന് കൊണ്ടുപോയെങ്കില്‍ മാത്രമെ മാലിന്യം കുന്നുകൂടാതിരിക്കുകയുള്ളൂവെന്ന് ജഡ്ജി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com