കരിപ്പൂരിന് തിരിച്ചടി; നവീകരിച്ച റണ്‍വേയിലും വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല
By സമകാലികമലയാളം ഡെസ്‌ക് | Published: 13th June 2018 05:19 PM |
Last Updated: 13th June 2018 05:21 PM | A+A A- |

കോഴിക്കോട്: മലബാറിലെ യാത്രക്കാരുടെ ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളത്തെ തഴയാന്‍ നീക്കം നടക്കുന്നതായി സൂചന. റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിമാനത്താവളത്തിന്റെ കാറ്റഗറി തരംതാഴ്ത്തിയതാണ് ഇതിന് മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്വകാര്യ വിമാനത്താവളങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഇത്തരം നീക്കം നടത്തുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ട് അഗ്നിശമന കാറ്റഗറി ഒന്‍പതില്‍ നിന്നും എട്ടാക്കി തരംതാഴ്ത്തിയിരുന്നു. റണ്‍വേ നവീകരണം പൂര്‍ത്തിയാകുന്ന വേളയില്‍ കാറ്റഗറി ഉയര്‍ത്താമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ റണ്‍വേ നവീകരണം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ കാറ്റഗറി ഒന്‍പതാക്കി ഉയര്‍ത്തുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ട് ഏഴാക്കി തരംതാഴ്ത്തിയിരിക്കുകയാണ് അധികൃതര്‍. ഇതിനെതിരെ പ്രതിഷേധം പുകയുന്നുണ്ട്. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയാത്തത് പ്രവാസികളെ സാരമായി ബാധിക്കും. സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാനാണ് അധികൃതര്‍ ഇത്തരം നീക്കം നടത്തുന്നതെന്നാണ് ആക്ഷേപം.