ഡിസിസി ഓഫീസില്‍ റീത്തും ശവപ്പെട്ടിയും വെച്ച കെഎസ്യു സംസ്ഥാന നേതാക്കള്‍ അറസ്റ്റില്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 13th June 2018 01:08 PM  |  

Last Updated: 13th June 2018 01:14 PM  |   A+A-   |  

 

കൊച്ചി: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിലുളള പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം ഡിസിസി ഓഫീസില്‍ റീത്തും ശവപ്പെട്ടിയും വെച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കെഎസ് യു സംസ്ഥാന നേതാക്കളായ അനുപ് ഇട്ടന്‍ , സബീര്‍ മുട്ടം തുടങ്ങിയ നേതാക്കളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും എഐസിസി ജനറല്‍ സെക്രട്ടറി
ഉമ്മന്‍ ചാണ്ടിയുടെയും പേരിലാണ് റീത്തും ശവപ്പെട്ടിയും വെച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഫോട്ടോകള്‍ പതിച്ചായിരുന്നു ശവപ്പെട്ടികള്‍.ഇതിന് പുറമെ രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഇരുവരേയും  വിമര്‍ശിച്ച് പോസ്റ്ററുകളും ഡിസിസി ഓഫീസില്‍ പതിച്ചിരുന്നു.