സംഹാരമാടി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ മരണം ആറായി; തെരച്ചില്‍ അവസാനിപ്പിച്ചു  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 14th June 2018 07:14 PM  |  

Last Updated: 14th June 2018 07:46 PM  |   A+A-   |  

 

കോഴിക്കോട്: കലിതുള്ളിയ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും മരിച്ചവരുടെ എണ്ണം ആറായി.  കോഴിക്കോട് താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ മൂന്നു കുട്ടികളടക്കം ആറുപേര്‍ മരിച്ചു. അനധികൃതമായി നിര്‍മിച്ചുവന്ന ജലസംഭരണിയാണു ഇവിടെ ദുരന്തത്തിനു കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ കാണാതായ 10 പേര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണ്. ദുരിതം നേരിടുന്നതിന് ?48 അംഗ കേന്ദ്ര ദുരന്ത നിവാരണ സേന കോഴിക്കോട്ട് എത്തി. മോശം കാലാവസ്ഥയെത്തുടര്‍ന്ന് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെ വെളുപ്പിന് വീണ്ടും തെരച്ചില്‍ പുനരാരംഭിക്കും.

കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍ ജാസിം, ഷഹബാസ്, അബ്ദുറഹിമാന്‍, ഹസന്‍, മകള്‍ ഹന്നത്ത് എന്നിവരാണ് മരിച്ചത്. കട്ടിപ്പാറയില്‍ തകര്‍ന്ന വീടുകളില്‍ 17 പേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇതില്‍ നാലുപേര്‍ മരിക്കുകയും മൂന്നുേെപര രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഒരുവീട്ടില്‍ നോമ്പു തുറക്കാന്‍ കൂടുതല്‍ ആളെത്തിയിരന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ തിരിച്ചുപോയോ എന്ന കാര്യം അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരാന്‍ സാധ്യതയുണ്ട്. കോഴിക്കോട്ടും മലപ്പുറത്തും കഴിഞ്ഞ 24 മണിക്കൂറില്‍ അസാധാരണ മഴയാണു ലഭിച്ചത്. മഞ്ചേരിയില്‍ 24 സെ.മീ., നിലമ്പൂര്‍ 21 സെ.മീ., കരിപ്പൂര്‍ 20 സെ.മീ മഴ രേഖപ്പെടുത്തി. അതീവജാഗ്രത തുടരണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി

കണ്ണൂരിലെ ഇരുട്ടിയില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. അപകടത്തില്‍ തകര്‍ന്ന മുഴുവന്‍ വീടുകളും സന്ദര്‍ശിക്കണം എന്നാവശ്യപ്പെട്ടായിരുന്നു മന്ത്രിയെ തടഞ്ഞുവച്ചത്. എല്ലാവീടുകളും സന്ദര്‍ശിക്കാന്‍ സമയമില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും മന്ത്രി വ്യക്തമാക്കിയിട്ടും ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചില്ല. തുടര്‍ന്ന് സിപിഎംബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് എത്തി ഇവരെ ഒഴിപ്പിച്ചു.

തിരുവമ്പാടി ടൗണ്‍ അടക്കമുള്ള പ്രദേശം വെള്ളത്തില്‍ മുങ്ങി. കാരശേരി പഞ്ചായത്തിലെ താഴ്ന്ന പ്രദേശം വെള്ളത്തിനടിയിലായി. കാരമൂല പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ ദിവസം തുടങ്ങിയ അഞ്ച് ക്യാമ്പുകള്‍ക്കുപുറമെ മൂന്നിടത്തുകൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. സേക്രഡ് ഹാര്‍ട് യുപി സ്‌കൂള്‍, ആസാദ് സ്‌കൂള്‍, ആനയാകുന്ന് ഗവ. എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകള്‍. ഓമശേരി നടമ്മല്‍പൊയില്‍, കെടയത്തൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീട്ടുകാരെ ഒഴിപ്പിച്ചു.

കോഴിക്കോട് നാലിടത്തും മലപ്പുറം എടവണ്ണയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. പുല്ലൂരാംപാറ, ബാലുശേരി മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. എന്നാല്‍ ഇവിടങ്ങളില്‍ ആളപായമില്ല.താമരശേരിചുരത്തില്‍ മരം കടപുഴകി വീണു. തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. കര്‍ണാടക്, ലക്ഷ്വീപ്, കേരള തരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്തമഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പ്രദേശങ്ങളിലേക്ക് കടന്നുചെല്ലാന്‍ പറ്റാത്ത സാഹചര്യമാണ്. റോഡ് ഗതാഗതം താറുമാറായി. രണ്ട് ദിവസമായി കോഴിക്കോടും വടക്കന്‍ ജില്ലകളിലും കനത്തമഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. മലപ്പുറത്ത് എട്ടു പഞ്ചായത്തുകളില്‍ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി. തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിഞ്ഞുവീണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.