കനത്തമഴ, ഉരുള്‍പൊട്ടല്‍; മലബാറില്‍ റെഡ് അലര്‍ട്ട്; 9 പേര്‍ മണ്ണിനടിയില്‍; 4 മരണം

വടക്കന്‍ കേരളത്തില്‍ കനത്തമഴ-  അഞ്ചിടത്ത് ഉരുള്‍പൊട്ടല്‍ - 8 പേര്‍ മണ്ണിനടിയില്‍ - നാല് മരണം
കനത്തമഴ, ഉരുള്‍പൊട്ടല്‍; മലബാറില്‍ റെഡ് അലര്‍ട്ട്; 9 പേര്‍ മണ്ണിനടിയില്‍; 4 മരണം

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും തുടരുന്നു. താമരശേരിയില്‍ ഉരുല്‍പൊട്ടലില്‍ മൂന്ന് കുട്ടികളും ഒരു സ്ത്രീയും മരിച്ചു.

കട്ടിപ്പാറയില്‍ 13 പേരെയാണ് കാണാതായത്. അതില്‍ 4 പേരെ രക്ഷപ്പെടുത്തി. രണ്ട് കുടുംബങ്ങളെയാണ് കണ്ടെത്താനുള്ളത്. അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു

കരിഞ്ചോല സ്വദേശി ഹസന്റെ കുടുംബത്തിലെ 7 പേരെയും, അബ്ദുറഹ്മാന്റെ കുടുംബത്തിലെ 4 പേരെയുമാണ് കാണാതായത്. ഇവര്‍ മണ്ണിനുള്ളില്‍പ്പെട്ടു പോയതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുവമ്പാടി  ടൗണ്‍ അടക്കമുള്ള പ്രദേശം വെള്ളത്തില്‍ മുങ്ങി. കാരശേരി പഞ്ചായത്തിലെ താഴ്ന്ന പ്രദേശം വെള്ളത്തിനടിയിലായി.


കാരമൂല പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ ദിവസം തുടങ്ങിയ അഞ്ച് ക്യാമ്പുകള്‍ക്കുപുറമെ മൂന്നിടത്തുകൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. സേക്രഡ് ഹാര്‍ട് യുപി സ്‌കൂള്‍, ആസാദ് സ്‌കൂള്‍, ആനയാകുന്ന് ഗവ. എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകള്‍. ഓമശേരി നടമ്മല്‍പൊയില്‍, കെടയത്തൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീട്ടുകാരെ ഒഴിപ്പിച്ചു.

കോഴിക്കോട് നാലിടത്തും മലപ്പുറം എടവണ്ണയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്.  പുല്ലൂരാംപാറ, ബാലുശേരി മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും  ഉരുള്‍പൊട്ടി. എന്നാല്‍ ഇവിടങ്ങളില്‍  ആളപായമില്ല.

താമരശേരിചുരത്തില്‍ മരം കടപുഴകി വീണു. തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. കര്‍ണാടക്, ലക്ഷ്വീപ്, കേരള തരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്തമഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പ്രദേശങ്ങളിലേക്ക് കടന്നുചെല്ലാന്‍ പറ്റാത്ത സാഹചര്യമാണ്. റോഡ് ഗതാഗതം താറുമാറായി. രണ്ട് ദിവസമായി കോഴിക്കോടും വടക്കന്‍ ജില്ലകളിലും കനത്തമഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. മലപ്പുറത്ത് എട്ടു പഞ്ചായത്തുകളില്‍ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി. തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിഞ്ഞുവീണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com