കായലില്‍ ചാടിയ സിപിഎം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th June 2018 10:07 AM |
Last Updated: 15th June 2018 10:38 AM | A+A A- |

വൈപ്പിന്‍; സിപിഎമ്മിനെതിരേ ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് കായലില്‍ ചാടിയ എളങ്കുന്നത്തുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്റെ (74) മൃതദേഹം കണ്ടെത്തി. കണ്ണമാലി കടല്‍ത്തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് വൈപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള ഫെറി ബോട്ടില്‍ നിന്ന് കൃഷ്ണന്‍ കായലിലേക്ക് ചാടിയത്.
സിപിഎം നേതാവായിരുന്ന കൃഷ്ണന്‍ അടുത്തിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. മേയ് 31ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായത്. എന്നാല്‍ സ്ഥാനനഷ്ടമല്ല ആത്മഹത്യക്ക് കാരണമെന്നും കത്തില്‍ പറയുന്നു. ബാട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ കത്തേല്‍പ്പിച്ചിട്ടാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്.
തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്. താന്‍ തെറ്റുകളുടെ കൂമ്പാരമാണെന്നും കുറിപ്പില്‍ പറയുന്നു. നിലവില്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ് കൃഷ്ണന്‍. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച വൈകീട്ട് നടന്ന പഞ്ചായത്ത് കമ്മറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു.
2005-10 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. വിഭാഗീയത ശക്തമായ കാലയളവില്‍ വി.എസ്. പക്ഷം നടത്തിയ ചെറുത്തുനില്പിന്റെ മുന്‍നിരയില്‍ കൃഷ്ണനുമുണ്ടായിരുന്നു. പട്ടികജാതി സംവരണമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വി.കെ. കൃഷ്ണന് ലഭിക്കുന്നതിനുള്ള അടവ് നയമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമതവിഭാഗം സ്വീകരിച്ചത്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം വോട്ട് നേടി നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റായത്.