കോഴിക്കോടിന്റെ ഉറക്കം കെടുത്തുന്ന ദുരന്തങ്ങള്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 15th June 2018 10:44 AM  |  

Last Updated: 15th June 2018 10:47 AM  |   A+A-   |  

 

കോഴിക്കോട്: ഇടവിട്ടുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ കോഴിക്കോടിന്റെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിക്കുകയും ഏഴുപേരെ കാണാതായ എന്ന വാര്‍ത്തയില്‍  നിന്ന് ഇപ്പോഴും കോഴിക്കോട്ടുകാര്‍ മുക്തരായിട്ടില്ല.

കനത്തമഴയില്‍  ഒരു മല മുഴുവന്‍ കുത്തിയൊലിച്ചതോടെ നാലുവീടുകള്‍ പൂര്‍ണമായി ഒലിച്ചുപോകുകയായിരുന്നു. കാണാതായവര്‍ക്കുള്ള  തിരച്ചില്‍ ഇന്ന് കൂടി തുടരും. ജില്ലയിലെ മലയോര മേഖലയിലാണ് എപ്പോഴും ദുരന്തത്തിന് ഇരയാകുന്നത്. സമാനമായ ദുരന്തങ്ങള്‍ ഇതിനുമുന്‍പും ജില്ലയെ വിറപ്പിച്ചിട്ടുണ്ട്.മുമ്പ് മൂന്ന് തവണ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടി ജീവഹാനിയുണ്ടായി. രണ്ട് തവണ കുറ്റിയാടി പശുക്കടവിലും  ഒരു തവണ തിരുവമ്പാടി പുല്ലൂരാംപാറയിലും. ഈ മൂന്ന്  സ്ഥലങ്ങളിലായി 24 പേരാണ് മരിച്ചത്.

നിലവിലെ കണക്കനുസരിച്ച് 2002ല്‍ പശുക്കടവ് സെന്റര്‍ മുക്കിലുണ്ടായ ഉരുള്‍പൊട്ടലിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. നിനച്ചിരിക്കാതെ ഒഴുകിയെത്തിയ കൂറ്റന്‍കല്ലുകളും മലവെള്ളവും പത്തുപേരുടെ ജീവനാണ് അപഹരിച്ചത്

2012 ആഗസ്റ്റ് ആറിന് തിരുവമ്പാടി പുല്ലുരാംപാറയിയിലെ ഉരുള്‍പൊട്ടല്‍ വീണ്ടും കനത്ത ആഘാതമായി. ഒരു കുടുംബത്തിലെ അഞ്ച് പേരുള്‍പ്പടെ എട്ടുപേരാണ് മണ്ണിനടിയിലായത്. 2106ലാണ് ജില്ലയില്‍ വീണ്ടും പ്രകൃതി താണ്ഡവം ഉണ്ടായത്. പൂഴിത്തോട് ജലവൈദ്യുത പദ്ധതിയുടെ ഡാംസൈറ്റായ കറന്തറപ്പുഴയിലുണ്ടായ മലവെള്ളം കോതാട് സ്വദേശികളായ ആറ് യുവാക്കളുടെ ജീവനാണ് അപഹരിച്ചത്.