മുന്‍ കുവൈറ്റ് അംബാസഡറും നോവലിസ്റ്റുമായ ബിഎംസി നായര്‍ അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th June 2018 11:43 AM |
Last Updated: 15th June 2018 11:53 AM | A+A A- |

ചെന്നൈ: മുന്‍ കുവൈത്ത് അംബാസഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ലളിതയാണ് ഭാര്യ. മാധവി, ലക്ഷ്മി എന്നിവര്‍ മക്കളാണ്. ഞായറാഴ്ചയാണ് സംസ്‌കാരം
സ്ത്രീ കേന്ദ്രകഥാപാത്രമായ കലിക അടക്കം നിരവധി നോവലുകള്‍ രചിച്ചിട്ടുണ്ട്. അന്താരാഷ്ട്രീയ കമ്മീഷന്റെ ഹനോയ് ശാഖയുടെ ചെയര്‍മാന്‍, ബര്‍ളിനില്‍ കൗണ്‍സില്‍ ജനറല്‍, മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസഡര്‍ എന്നീ പ്രമുഖ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1941 മെയ് 20ന് ആലുവയിലാണ് ജനനം. ആദ്യകാല വിദ്യാഭ്യാസം ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് പൂര്‍ത്തിയാക്കി. എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം. 1962ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഐഎഫ്എസില്‍ ചേര്‍ന്നു.2001ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ചെന്നൈയില്‍ സ്ഥിരതാമസമാക്കി.
സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍.