ഉന്നത ഉദ്യോഗസ്ഥന്റെ മകനെ രക്ഷിക്കാന്‍ പൊലീസിന്റെ ഒളിച്ചുകളി?: ഇന്നോവ ക്രിസ്റ്റ ടാറ്റ എയ്‌സാക്കി; പേര് സഹിതം പറഞ്ഞിട്ടും അജ്ഞാതന്‍ എന്ന് എഫ്‌ഐആര്‍ എഴുതിയെന്ന് പരാതിക്കാരന്‍
By വിഷ്ണു എസ് വിജയന്‍ | Published: 16th June 2018 03:07 PM |
Last Updated: 16th June 2018 03:16 PM | A+A A- |

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ പൊലീസ് ഒളിച്ചുകളി നടത്തുന്നുവെന്ന് അപകടത്തില്‍ പരിക്കേറ്റ ആളുടെ ആരോപണം. തിരുവനന്തപുരം സ്വദേശി ജയകൃഷ്ണനാണ് ഉന്നത ഉദ്യോഗസ്ഥന്റെ മകന്റെ പേര് സഹിതം പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. മെയ് പതിനെട്ടിന് പട്ടം പൊട്ടക്കുഴി ജംങ്ഷനില്‍ നടന്ന അപകടത്തില്‍ ഉന്നത ഉദ്യോസഗസ്ഥന്റെ മകന്‍ സാഗര്‍ അശോകിന്റെ പേരില്‍ പരാതി നല്‍കിയിട്ടും ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് എഫ്‌ഐആറില്‍ അജ്ഞാതന്‍ എന്നഴുതി എന്നാണ് ആരോപണം. എന്നാല്‍ ജയകൃഷ്ണന്റെ ആരോപണത്തിന് തികച്ചും
വിപരീതവും അമ്പരിപ്പിക്കുന്നതുമായ മറുപടിയാണ് പൊലീസ് നല്‍കുന്നത്.
സംഭവത്തെക്കുറിച്ച് ജയകൃഷ്ണന്‍ പറയുന്നത് ഇങ്ങനെ: മെയ് 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെ തിരുവനന്തപുരത്തെ പട്ടം പൊട്ടക്കുഴി ജംഗ്ഷനിലാണ് സംഭവം. എന്റെ വാഹനത്തിന്റെ പിറകില്‍ ഒരാള്‍ വണ്ടി കൊണ്ടിടിച്ചു. ഞാനും ഭാര്യയും മകളും കൈക്കുഞ്ഞും അടങ്ങുന്ന കുടുംബം വളരെ സാവധാനം ശ്രദ്ധയോടെയാണ് സഞ്ചരിച്ചിരുന്നത്. ഇടിയുടെ ഫലമായി എന്റെ മകള്‍്ക്ക് ഉള്‍പ്പടെ പരിക്കുകള്‍ പറ്റി.
വാഹനം ഓടിക്കുമ്പോള്‍ അപകടം ഉണ്ടാകാം. പക്ഷേ, ഇതങ്ങനെയല്ല. തീര്‍ത്തും നിരുത്തരവാദപരമായി പിന്നിലുണ്ടായിരുന്നയാള്‍ വാഹനം കൈകാര്യം ചെയ്തതാണ് അപകടത്തിനിരയാക്കിയത്. ശരീരത്തിലെ പരിക്കുകള്‍ക്കപ്പുറം ആ അപകടം ഞാന്‍ എന്ന മനുഷ്യന്, എന്റെ ഭാര്യക്ക്, കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാക്കിയ മാനസികമായ ആഘാതം ചെറുതല്ല. അപകടത്തിന് ശേഷമുണ്ടായ സംഭവങ്ങള്‍ ആഘാതം ഇരട്ടിയാക്കി. എന്റെ വാഹനത്തിനു പിന്നിലല്‍ BABY ON BOARD എന്നു വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്, സൂക്ഷിക്കണം എന്ന അര്‍ത്ഥത്തില്‍. പക്ഷേ, അതൊക്കെ ആരു നോക്കാന്‍?
ഇനി കാര്യത്തിലേക്ക്. ഇടിച്ച വണ്ടിയും ആ വാഹനം ഓടിച്ച ആളിനെയും എനിക്ക് മനസിലായി, തിരിച്ചറിയാനും സാധിച്ചു. ആ തിരിച്ചറിയലിന്റെ ഫലമായാണ് ഈ രൂപത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നിലേക്ക് എനിക്കു വരേണ്ടി വന്നത്. മീശ മുളയ്ക്കാത്ത ഒരു പയ്യന്‍സ്. പക്ഷേ, അവന്‍ സ്ഥലത്തെ പ്രധാന പൊലീസ് മേധാവിയുടെ മകനാണ്.
അപകടമുണ്ടാക്കിയ പയ്യൻസിന്റെ പേര് സാഗർ അശോക്. വണ്ടി നമ്പര് KL 01 CD 1549. പക്ഷേ, പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് വന്നപ്പോൾ അപകടത്തിനു ഇടയാക്കിയ വാഹനം ഓടിച്ചത് അജ്ഞാതൻ. എനിക്കു മനസ്സിലായ ആളിനെ പൊലീസുകാർക്കു 'മനസ്സിലായില്ല'! FIR 1723 dated 18.5.2018 Judicial First Class Magistrate Court 1. പൊലീസുകാർക്ക് മനസ്സിലാവുകയുമില്ല. കാരണം ഞാൻ പറയണ്ടല്ലോ!
അല്ല സര്‍. അയാള്‍ അജ്ഞാതന്‍ അല്ല. ആളെ എനിക്ക് അറിയാം. അത് ഞാന്‍ നിങ്ങളോട് പറയുകയും ചെയ്തിരുന്നു. ഇതിനു ദൃക്‌സാക്ഷികളുമുണ്ട്. എന്നിട്ടും നിങ്ങള്‍ വണ്ടി ഓടിച്ചവനെ അജ്ഞാതന്‍ ആക്കി. പൊതുജനം എന്ന വിഭാഗത്തില്‍ പെടുന്ന ഞാന്‍ അടക്കമുള്ളവര്‍ നിങ്ങള്‍ക്ക് കഴുതകളാണല്ലോ!
എനിക്ക് ഇവിടത്തെ നിയമത്തില്‍ വിശ്വാസം ഉണ്ട്. അതിനാല്‍ ഞാന്‍ മുന്നോട്ടു പോകുക തന്നെ ചെയ്യും. അജ്ഞാതന്‍ എന്ന പ്രയോഗം മാറി ആളിന്റെ പേര് പുറത്തു വരും വരെ. ഇത് എനിക്കൊന്നും നേടാന്‍ വേണ്ടിയല്ല. നെറികേട് ആരെങ്കിലും ചോദ്യം ചെയ്താലേ ഇത് അവസാനിപ്പിക്കാന്‍ പറ്റു. എല്ലാരും സഹിച്ച് മിണ്ടാതെ പോയാല്‍ നെറികേടുകളള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.
അധികാരം എന്ന ചെങ്കോല്‍ ഉള്ളവന് മാത്രമുള്ളതല്ല ഈ രാജ്യം. എന്നെപ്പോലുള്ള പൊതുജനത്തിന്റേതു കൂടിയാണ് ഈ രാജ്യം. നീതി തേടി ഞാന് കമ്മീഷണര്‍ക്കും പരാതി കൊടുത്തു. ഈ കേസിന്റെ സ്ഥിതി അറിയാന്‍ വേണ്ടി 3 ആഴ്ചയായി പട്ടം ട്രാഫിക് സ്‌റ്റേഷനില്‍ കയറി ഇറങ്ങുന്നു. പക്ഷേ ഇതുവരെ ഒന്നും അറിയാന്‍ സാധിച്ചിട്ടില്ല...- ജയകൃഷ്ണന്‍ ഫെയ്‌സ്ബുക്കിലൂടെ പറയുന്നു.
ജയകൃഷ്ണന്റെ കുറിപ്പ് കണ്ട് പട്ടം ട്രാഫിക് പൊലീസില്‍ വിവരം അനേഷിച്ച സമകാലിക മലയാളത്തോട് പൊലീസ് പറഞ്ഞത് അപകടം നടന്നത് രണ്ടുമണിക്കാണ് എന്നാണ്. കെഎല്‍ 01 സിഡി 1549 എന്ന വാഹനം ടാറ്റ എയ്‌സ് പിക്കപ്പ് വാനാണ് എന്നാണ് പൊലീസ് പറയുന്നത്. രണ്ടു കാറുകൡ ടാറ്റ എയ്‌സ് ഇടിച്ചിട്ടു നിര്‍ത്താതെ പോയി എന്നാണ് അന്നത്തെ ദിവസത്തെ അപകടത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് പൊലീസ് പറയുന്നു.
വണ്ടി നമ്പര്‍ ഉണ്ടെങ്കില്‍ അതിന് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ആരാണെന്ന് മുഖം നോക്കില്ലെന്നും പൊലീസ് പറയുന്നു. ടാറ്റ എയ്‌സ് ഉന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍ എങ്ങനെ ഓടിക്കുമെന്നും
പൊലീസ് ചോദിക്കുന്നു. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവരം പറയുന്നത് വാഹനം ഇന്നോവ ക്രിസ്റ്റയാണ് എന്നാണ്. മോട്ടോര്‍ വാഹന വകുപ്പ് ഇന്നോവ ക്രിസ്റ്റയെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന വാഹനം എങ്ങനെ പൊലീസിന് ടാറ്റ എയ്‌സ് ആയി? ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകനെ സംരക്ഷിക്കാനുള്ള പൊലീസിന്റെ ഒളിച്ചുകളിയെന്ന ജയകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പൊലീസിന്റെ ഈ നടപടി.