തുണി കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെ പുലി പൊന്തക്കാട്ടിലേക്കു വലിച്ചിഴച്ചു കടിച്ചു കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th June 2018 10:04 AM |
Last Updated: 16th June 2018 10:07 AM | A+A A- |

പ്രതീകാത്മക ചിത്രം
അതിരപ്പിള്ളി: വീടിനു സമീപം തുണി കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ കാഞ്ചമല എസ്‌റ്റേറ്റില്‍ മതിയുടെ ഭാര്യ കൈലാസം (45) ആണ് പുലിയുടെ ആക്രമണത്തില്‍ മരിച്ചത്.
ഇന്നലെ വൈകിട്ട് ആറരയോടെ ലയത്തിനു സമീപത്തുനിന്ന് അമ്പത് മീറ്ററകലെ പൊന്തക്കാടിനുള്ളില്‍നിന്നാണു മൃതദേഹം കണ്ടെത്തിയത്.
തോട്ടം തൊഴിലാളിയായ വീട്ടമ്മ തുണികഴുകുന്നതിനിടയില്‍ പുലി പൊന്തക്കാടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. കൈലാസം തിരിച്ചെത്താന്‍ വൈകിയതോടെ വീട്ടുകാര്‍ അനേഷിച്ചെത്തിയപ്പോള്‍ അലക്ക് കല്ലിനടുത്തു ചോരത്തുള്ളികള്‍ കണ്ട് പിന്തുടരുകയും കൈതക്കാടിനുള്ളില്‍നിന്ന് മൃതദേഹം ലഭിക്കുകയുമായിരുന്നു.
കഴുത്തില്‍ കടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവും നെഞ്ചത്തും മുഖത്തും മാന്തി കീറിയ മുറിവുകളുമുണ്ട്. ലയത്തിനു തൊട്ടടുത്തു തന്നെ ആളുകളുണ്ടായിരുന്നു. എന്നാല്‍ പുലി കഴുത്തില്‍ പിടികൂടിയതിനാല#് നിലവിളി ശബ്ദം പുറത്തുവന്നിരിക്കാന്‍ ഇടയില്ലെന്നാണ് കരുതുന്നത്.