പൊലീസിന്റെ അടിമപ്പണി: മര്‍ദനമേറ്റെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്, അടിയന്തരയോഗം വിളിച്ച് ഡിജിപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th June 2018 08:26 AM |
Last Updated: 16th June 2018 08:26 AM | A+A A- |

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ
മര്‍ദിച്ചതിന് വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം. ഡ്രൈവര്‍ ഗവാസ്‌കറിന്റെ കഴുത്തിനു പിന്നില്‍ മൊബൈല്‍ കൊണ്ട് ഇടിച്ചെന്ന പരാതിയാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടിരിക്കുന്നത്. ഗവാസ്‌കറിന്റെ നട്ടെല്ലിന്റെ കശേരുക്കള്‍ക്കു പരുക്കേറ്റെന്നും ഇതുമൂലമുള്ള വേദനയും നീര്‍ക്കെട്ടും മാറാന്‍ ആറാഴ്ചയോളം സമയമെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. വൈദ്യപരിശോധനാ റിപ്പോര്‍ട്ട് കണക്കിലെടുക്കാതെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
പൊലീസിന്റെ അടിമപ്പണി വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ ഇതേകുറിച്ച് ചര്‍ച്ചചെയ്യാന്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ പൊലീസ് സംഘടനകളുടെ അടിയന്തരയോഗം വിളിച്ചു. രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്താണ് യോഗം. എഡിജിപി സുദേഷ് കുമാറിനെതിരെ അടിമപ്പണി ആരോപണം ഉയര്‍ന്നതിന് പിന്നാലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുവരുന്ന സാഹചര്യത്തിലാണ് ഡിജിപി യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്.
മേലുദ്യോഗസ്ഥരുടെ വീട്ടിലെ അടുക്കള ജോലി മുതല്‍ അലക്കു ജോലിവരെ കീഴുദ്യോഗസ്ഥരെകൊണ്ട് ചെയ്യിക്കുന്നുണ്ടെന്ന് പൊലീസുകാര്‍ തന്നെ തുറന്നുപറയുന്നു. ആവര്‍ത്തിച്ച് ആരോപണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ ഇതേകുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു.