പറവൂരിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ സംഘം പിടിയില്‍; തിരുവാഭരണം ഉള്‍പ്പടെയുള്ള മോഷണ മുതലും കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2018 12:46 PM  |  

Last Updated: 17th June 2018 12:46 PM  |   A+A-   |  

temple

 

പറവൂര്‍; വടക്കന്‍ പറവൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ മോഷണസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മലയാളികളും തമിഴരും ഉള്‍പ്പെട്ട സംഘമാണ് മോഷണം നടത്തിയത്. പൊള്ളാച്ചിയില്‍ നിന്ന് പിടിയായ ഇവരില്‍ നിന്ന് ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച തിരുവാഭരണം ഉള്‍പ്പടെയുള്ള മോഷണ മുതലും കണ്ടെടുത്തു. എറണാകുളം റൂറല്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

വടക്കന്‍ പറവൂരിലെ കോട്ടുവള്ളി തൃക്കപുരം ക്ഷേത്രം, ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളില്‍ ജൂണ്‍ 12 ന് രാത്രിയാണ് മോഷണം നടന്നത്. തുടര്‍ന്ന് അന്വേഷണത്തിലാണ് മോഷണസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ഷാജി, മഹേഷ് എന്നിവരാണ് സംഘത്തിലെ പ്രധാനികള്‍. ഇവര്‍ നിരവധി മോഷണ കേസില്‍ പ്രതിയാണെന്നും സൂചനയുണ്ട്. കോച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. മോഷണസംഘത്തിലെ എല്ലാവരും പിടിയിലായതായാണ് സൂചന. 

ഒരേ ദിവസം നടന്ന മോഷണമായതിനാല്‍ ഒരു സംഘം തന്നെയായിരിക്കും രണ്ട് ക്ഷേത്രങ്ങളിലും കയറിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. കൂടാതെ രണ്ട് ക്ഷേത്രങ്ങളിലേയും വാതിലുകള്‍ കുത്തിത്തുറന്നാണ് ഉള്ളില്‍ കടന്നിരുന്നത്. തൃക്കപുരം ക്ഷേത്രത്തില്‍ നിന്നും 30 പവന്റെ തിരുവാഭരണവും 65,000 രൂപയുമാണ് മോഷ്ടിച്ചത്. ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവനും കാണിക്കവഞ്ചിയു കള്ളന്മാര്‍ കൊണ്ടുപോയി.