വാല്‍പ്പാറയില്‍ സ്ത്രീയെ കടിച്ചുകൊന്ന പുലി കെണിയില്‍ കുടുങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2018 09:37 AM  |  

Last Updated: 17th June 2018 09:37 AM  |   A+A-   |  

 

തിരുവനന്തപുരം:  വാല്‍പ്പാറയില്‍ സ്ത്രീയെ കടിച്ചുകൊന്ന പുലിയെ വനവകുപ്പുദ്യോഗസ്ഥര്‍ പിടികൂടി. പുലിയുടെ ആക്രമണങ്ങള്‍ നിരന്തരമായി  ഉണ്ടായിട്ടും  ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതിന്റെ പേരില്‍ പ്രതിഷേധം നിലനിന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനവകുപ്പിന്റെ ഇടപെടലുണ്ടായത്. ഒരാഴ്ചക്കിടെ വാല്‍പ്പാറ മേഖലയിലുണ്ടായ മൂന്നാമത്തെയും ഒരു മാസത്തിനിടെ ഉണ്ടായ അഞ്ചാമത്തെയും പുലി ആക്രമണമാണിത്.

 പുലിയുടെ ആക്രമണത്തില്‍ കൈലാസവതി എന്ന സ്ത്രീ ഇന്നലെ കൊല്ലപ്പെടുകയും ചെയ്തിരുന്നു.  സംഭവത്തില്‍ പ്രതിഷേധിച്ച് വാല്‍പ്പാറ നഗരത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പുലിയെ പിടിക്കാന്‍ വനംവകുപ്പ് കെണിവയ്ക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് പുലി കെണിയില്‍ കുടുങ്ങിയത്

കാഞ്ചമല എസ്‌റ്റേറ്റില്‍ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് പിന്‍ഭാഗത്ത് വെച്ചാണ് പുലി ആക്രമിച്ചത്. കഴുത്തില്‍ കടിച്ചുപിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. നാട്ടുകാര്‍ പിന്നാലെ ഓടിയെങ്കിലും നൂറുമീറ്ററോളം പുലി ഇവരെ വലിച്ചുകൊണ്ടുപോയി. ഒടുവില്‍ ആളുകള്‍ ബഹളംവെച്ചപ്പോള്‍ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച് ഓടിമറഞ്ഞു.

ചോരത്തുള്ളികള്‍ പിന്‍തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. കഴുത്തിലും മുഖത്തും ആഴത്തില്‍ കടിയേറ്റിരുന്നു.തുടര്‍ച്ചയായ പുലി ആക്രമണത്തില്‍ പ്രതിഷേധിച്ച് മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ഏറെ നേരത്തെ ചര്‍ച്ചയ്ക്കുശേഷം അര്‍ധരാത്രിയോടെയാണ് മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

അവിടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. നാട്ടുകാരും ജനപ്രതിനിധികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അവസാനം വൈകീട്ട് അഞ്ചോടെയാണ് കൈലാസവതിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റു വാങ്ങിയത്. പുലിയില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ശനിയാഴ്ച വൈകീട്ടുവരെ വാല്‍പ്പാറയില്‍ റോഡ് ഉപരോധിച്ചു. യുവതിയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ നാലുലക്ഷം രൂപ സഹായം നല്‍കും. ആദ്യ ഗഡുവായി 50,000 രൂപയുടെ ചെക്ക് ബന്ധുക്കള്‍ക്ക് നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച സിങ്കോണ എസ്‌റ്റേറ്റില്‍ ബാലകൃഷ്ണന്റെ ഭാര്യ മാധവിക്ക് പുലിയുടെ ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റിരുന്നു. ഇവര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജൂണ്‍ രണ്ട്, മെയ് 15, മെയ് 25 തിയ്യതികളിലും പുലി സ്ത്രീകളെയും പെണ്‍കുട്ടികളെയും ആക്രമിച്ചിരുന്നു.