വരാപ്പുഴ കസ്റ്റഡി മരണം: എ.വി ജോര്‍ജിനെ പ്രതിയാക്കാത്തത് രാഷ്ട്രീയ ഇടപെടല്‍ മറച്ചുവയ്ക്കാനെന്ന് ഉമ്മന്‍ചാണ്ടി

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ പ്രതിചേര്‍ക്കേണ്ടെന്ന തീരുമാനത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി
വരാപ്പുഴ കസ്റ്റഡി മരണം: എ.വി ജോര്‍ജിനെ പ്രതിയാക്കാത്തത് രാഷ്ട്രീയ ഇടപെടല്‍ മറച്ചുവയ്ക്കാനെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ പ്രതിചേര്‍ക്കേണ്ടെന്ന തീരുമാനത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ശ്രീജിത്തിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇത് മറച്ചുവയ്ക്കാനാണ് ജോര്‍ജിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.  കുറ്റവാളികളെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജോര്‍ജിന് എതിരെ ക്രിമിനല്‍ക്കുറ്റം നിലനില്‍ക്കില്ലെന്നും  വകുപ്പുതല നടപടി മാത്രമേ നിലനില്‍ക്കുവെന്നുമുള്ള അഡ്വക്കേറ്റ് ജനറല്‍ ഓഫ് പ്രോസിക്ക്യൂഷന്റെ നിയമോപദേശത്തെ തുടര്‍ന്നാണ് എ.വി ജോര്‍ജിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനമായത്. 

എ.വി ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫ് വിഭാഗമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ആര്‍ടിഎഫ് സേന രൂപീകരിച്ചു എന്നത് മാത്രമാണ് എ.വി ജോര്‍ജ് ചെയ്തത്, ശ്രീജിത്തിനെ മര്‍ദിച്ച സംഭവത്തില്‍ ജോര്‍ജിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ഇത് കണക്കിലെടുത്ത് ജോര്‍ജിനെ പ്രതിചേര്‍ക്കേണ്ടതില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം.
നിയമോപദേശം ലഭിച്ചതിന്റെ പശ്ചാതലത്തില്‍ എ.വി ജോര്‍ജിനെ പ്രതിചേര്‍ക്കേണ്ടതില്ല എന്നാണ് അന്വേഷണ സംഘത്തിന്റെയും നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com