എഡിജിപിയുടെ മകളുടെ പരാതി വ്യാജമെങ്കിൽ ക്രിമിനൽ നടപടിയെടുക്കും: ഡിജിപി
By സമകാലികമലയാളം ഡെസ്ക് | Published: 18th June 2018 07:29 PM |
Last Updated: 18th June 2018 07:29 PM | A+A A- |

തിരുവനന്തപുരം: പൊലീസ് ഡ്രൈവർക്കെതിരായ എഡിജിപിയുടെ മകളുടെ പരാതി വ്യാജമെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ധ മർദിച്ചെന്നാണു പൊലീസ് ഡ്രൈവർ ഗവാസ്കറുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് സ്നിഗ്ധയും പരാതി നൽകി. ഇതേതുടർന്ന് ഗവാസ്കർക്കെതിരേയും കേസെടുത്തു. അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ കുറ്റങ്ങളാണ് ഗവാസ്കർക്കെതിരേ ചുമത്തിയിരിക്കുന്നത്.
ക്യാമ്പ് ഫോളോവേഴ്സിനെ വീട്ടിലെ പണിക്ക് ഉപയോഗിച്ചെന്ന ആരോപണ നിഴലിൽനിൽക്കുന്ന പേരൂർക്കട എസ്എപി ഡെപ്യൂട്ടി കമൻഡാന്റ് പി.വി രാജുവിനെതിരേ നടപടി സ്വീകരിക്കണമെന്നും ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്. വീട്ടിൽ ടൈൽസ് പതിപ്പിക്കാൻ പൊലീസുകാരെ നിയോഗിച്ചതായാണ് രാജുവിനെതിരേ ആരോപണം ഉയർന്നത്. ഇയാളെ സ്ഥലം മാറ്റണമെന്നാണ് ഡിജിപിയുടെ റിപ്പോർട്ടിൽ നിർദേശിക്കുന്നത്.
ക്യാമ്പ് ഫോളോവേഴ്സിനെ ക്യാമ്പ് ഓഫീസിൽ ജോലിക്ക് നിർത്തുന്നതിന് അനുവാദമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലിക്കു നിർത്താൻ പാടില്ലെന്നും ഡിജിപി വ്യക്തമാക്കി. മറിച്ച് സംഭവിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.