കെഎസ്ആര്‍ടിസിയുടെ വൈദ്യുത ബസ് നിരത്തിലിറങ്ങുന്നു: ഇന്ന് പരീക്ഷണയോട്ടം

ആദ്യ ദിനമായ ഇന്ന് കിഴക്കേക്കോട്ടയില്‍ നിന്നു വെഞ്ഞാറമൂട്, കോവളം റൂട്ടുകളില്‍ ബസ് സര്‍വീസ് നടത്തും. 
കെഎസ്ആര്‍ടിസിയുടെ വൈദ്യുത ബസ് നിരത്തിലിറങ്ങുന്നു: ഇന്ന് പരീക്ഷണയോട്ടം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ വൈദ്യുതബസ് ഇന്നുമുതല്‍ പരീക്ഷണയോട്ടത്തിനെത്തുകയാണ്. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് പരീക്ഷണയോട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിക്കുന്നത്. പാപ്പനംകോട് ഡിപ്പോയില്‍ ഇന്ന് കാലത്ത് 11നായിരിക്കും ഫ്‌ലാഗ് ഓഫ്. ആദ്യ ദിനമായ ഇന്ന് കിഴക്കേക്കോട്ടയില്‍ നിന്നു വെഞ്ഞാറമൂട്, കോവളം റൂട്ടുകളില്‍ ബസ് സര്‍വീസ് നടത്തും. 

അഞ്ചു ദിവസം വീതം കൊച്ചി, കോഴിക്കോട് നഗരങ്ങളിലും സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. വൈദ്യുത ബസിന് സാധാരണ ബസിന്റെ ചാര്‍ജ് ആയിരിക്കില്ല. എസി ലോ ഫ്‌ലോര്‍ ബസുകളുടെ നിരക്കാണ് ഈടാക്കുക. പരീക്ഷണം വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. 

ചൈനീസ് വാഹനനിര്‍മാതാക്കളായ ബിവൈഡിയാണ് ബസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് പരീക്ഷണയോട്ടത്തിനായി കേരളത്തിലെത്തിച്ചിരിക്കുന്നതു ഗോള്‍ഡ്‌സ്‌റ്റോണ്‍ കമ്പനിയാണ്. ഒരു ബസില്‍ 35 സീറ്റുകള്‍ ഉണ്ടായിരിക്കും. ബസിനു വൈദ്യുതി ചാര്‍ജ് ചെയ്യാനുള്ള താല്‍ക്കാലിക സംവിധാനം അതതു ഡിപ്പോകളില്‍ ഒരുക്കും. 

വൈദ്യുതി കെഎസ്ആര്‍ടിസിയാണു നല്‍കുക. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ ഓടാം. അഞ്ചു മണിക്കൂറാണു ചാര്‍ജിങ് സമയം. ഒരു കിലോമീറ്ററിന് ഒരു യൂണിറ്റ് വൈദ്യുതി വേണം. കെഎസ്ഇബി വ്യാവസായിക നിരക്കു പ്രകാരം ഒരു യൂണിറ്റിന് ആറു രൂപയാണു ചെലവ്. പിന്നിലെ രണ്ടു ചക്രങ്ങളി!ല്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളാണു ബസിന്റെ വേഗം നിയന്ത്രിക്കുന്നത്. പരീക്ഷണയോട്ടം വിജയിച്ചാല്‍ ഘട്ടംഘട്ടമായി 300 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com