ചാരക്കേസിനു പിന്നില്‍ സിഐഎ അല്ല, അത് ഋഷിരാജ് സിങിന് വീടു കിട്ടാത്തതിന്റെ ഫലം: സെന്‍കുമാര്‍  

സിഐഎയും ക്രയോജനിക് സാങ്കേതികവിദ്യയും ഒന്നുമല്ല മറിച്ച് ഋഷിരാജ് സിങ്ങിന് വാടകവീട് ലഭിക്കാത്തതിന്റെ പരിണതഫലമാണ് ഐഎസ്ആര്‍ഒ ചാരക്കേസെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍
ചാരക്കേസിനു പിന്നില്‍ സിഐഎ അല്ല, അത് ഋഷിരാജ് സിങിന് വീടു കിട്ടാത്തതിന്റെ ഫലം: സെന്‍കുമാര്‍  

കൊല്ലം: സിഐഎയും ക്രയോജനിക് സാങ്കേതികവിദ്യയും ഒന്നുമല്ല മറിച്ച് ഋഷിരാജ് സിങ്ങിന് വാടകവീട് ലഭിക്കാത്തതിന്റെ പരിണതഫലമാണ് ഐഎസ്ആര്‍ഒ ചാരക്കേസെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. 1994ല്‍ തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ഋഷിരാജ് സിങ്ങിന് പൊലീസ് ക്വാര്‍ട്ടഴ്‌സോ വാടകവീടോ കിട്ടിയിരുന്നെങ്കില്‍ ചാരക്കേസ് പുറത്തുവരില്ലായിരുന്നെന്നാണ് സെന്‍കുമാര്‍ പറയുന്നത്.  

വാടകവീട് അന്വേഷിക്കുന്നതിനിടയില്‍ തിരുവനന്തപുരത്തെ കൊള്ളാവുന്ന വീടെല്ലാം മാലിക്കാര്‍ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്ന് ഋഷിരാജ് സിങ്ങ് അറിഞ്ഞു.  ഇതെങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടെത്താന്‍ സ്‌പെഷല്‍ ബ്രാഞ്ചില്‍ ഇന്‍സ്‌പെക്ടറായിരുന്ന വിജയനോട് ആവശ്യപ്പെട്ടിടത്താണ് സംഭവങ്ങളുടെ ആരംഭമെന്ന് സെന്‍കുമാര്‍ പറയുന്നു. മറിയം റഷീദ താമസിച്ചിരുന്ന സ്ഥലത്തെത്തുകയും പാസ്‌പോര്‍ട്ടില്‍ ചട്ടലംഘനമുണ്ടെന്നു കണ്ടെത്തുകയും ചെയ്തത് ഈ അന്വേഷണത്തിലാണ്. മറിയം റഷീദയുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഈ വസ്തുതകളെകുറിച്ച് കൂടുതല്‍ ഗഹനമായി പ്രതിപാദിച്ചുകൊണ്ട് താന്‍ പുസ്തകം തയ്യാറാക്കുന്നുണ്ടെന്നും അതില്‍ ചാരകേസിലെ കൂടുതല്‍ വിവരങ്ങള്‍ വിശദീകരിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു. 

1994ലില്‍ ക്രയോജനിക്ക് എന്‍ജിനെകുറിച്ച് അറിവുള്ള ശാസ്ത്രജ്ഞര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെന്ന് തന്നോട് ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന മാധവന്‍ നായര്‍ പറഞ്ഞിട്ടുണ്ടെന്നും സെന്‍കുമാര്‍ പ്രസംഗത്തിനിടെ പറഞ്ഞു. ഈ കേസിന്റെ പുനരന്വേഷണം നടത്തിയത് താനാണെന്നും ഇതിന്റെ ഫലമായി തനിക്കുണ്ടായ അവസ്ഥ കണ്ടാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥരും സത്യസന്ധമായി ജോലി ചെയ്യുമെന്ന് കരുതുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.  

ചാരക്കേസ് സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്നും സെന്‍കുമാര്‍ പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പികെ തമ്പി അനുസ്മരണ ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രസ് ക്ലബില്‍ 'ഭരണം പൊലീസ്, മാധ്യമങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കികയായിരുന്നു അദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com