'കുമ്മനത്തിന്റേത് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍'; ഗവര്‍ണറാക്കി നാടുകടത്തിയെന്ന് അനുയായികള്‍ ബിജെപി യോഗത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2018 09:14 AM  |  

Last Updated: 19th June 2018 09:16 AM  |   A+A-   |  

kummanam

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കി നാടുകടത്തിയെന്ന് തൃശ്ശൂരില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ കുമ്മനം അനുകൂലികളുടെ ആക്ഷേപം. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷിനെതിരേ യോഗത്തില്‍ രൂക്ഷമായ ആക്ഷേപമുയര്‍ത്തിയ ഇവര്‍ കെ സുരേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനായി ചേര്‍ന്ന യോഗം ഇതു സംബന്ധിച്ച് ചര്‍ച്ച നടത്താതെ പിരിയുകയായിരുന്നു. 

സംസ്ഥാന മുന്‍ അധ്യക്ഷന്‍ പികെ കൃഷ്ണദാസിനെ പിന്തുണയ്ക്കുന്നവരാണ് യോഗത്തില്‍ കുമ്മനത്തിനുവേണ്ടി വാദിച്ചത്. സംസ്ഥാന പ്രസിഡന്റിന്റെ കാലാവധി കഴിയുംമുമ്പ് കുമ്മനത്തിനു ചിലര്‍ചേര്‍ന്ന് 'പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍' നല്‍കിയെന്നാണ് കോര്‍കമ്മിറ്റിയില്‍ ഒരു മുതിര്‍ന്ന നേതാവ് ആരോപിച്ചത്. പണവും സ്വാധീനവും ഉപയോഗിച്ച് പാര്‍ട്ടിയില്‍ അധികാരങ്ങള്‍ പിടിച്ചെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ബിജെപിയില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് അദ്ദേഹം ആരോപിച്ചു. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വോട്ടുകുറഞ്ഞതു സംബന്ധിച്ചും യോഗത്തില്‍ കുറ്റപ്പെടുത്തലുകളുണ്ടായി. കുമ്മനത്തെ പാര്‍ട്ടി അധ്യക്ഷനായി തിരിച്ചുവിളിക്കണമെന്നാണ്  ഇവരുടെ ആവശ്യം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കുമ്മനത്തിന്റെ നേതൃത്വത്തില്‍ നേരിടണമെന്നും യോ?ഗത്തില്‍ ആവശ്യമുയര്‍ന്നു.  

കുമ്മനത്തെ അനവസരത്തില്‍ ഒഴിവാക്കിയതിനെ ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശിച്ചു. ദുരൂഹമായ നീക്കത്തിലൂടെ കുമ്മനത്തെ ഒഴിവാക്കി പിന്‍വാതിലിലൂടെ പുതിയ അധ്യക്ഷനെ അവരോധിക്കാനാണ് ശ്രമമുണ്ടായതെന്ന് സംസ്ഥാന സെക്രട്ടറി വികെ സജീവന്‍ കുറ്റപ്പെടുത്തി.              
                  
ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ ദേശീയ സെക്രട്ടറി എച്ച് രാജ യോഗത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും വൈകാതെ പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.