ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍; ഇന്ന് കൊച്ചിയിലെത്തിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th June 2018 08:23 AM |
Last Updated: 19th June 2018 08:25 AM | A+A A- |

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ അറസ്റ്റില്‍. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്ത ഇയാളെ നാട്ടിലേക്കുള്ള യാത്രാമധ്യേ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ നിന്ന് മടങ്ങി വരവെ തിങ്കളാഴ്ച വൈകിട്ടായിരുന്നു അറസ്റ്റ്. ട്രെയിന്‍മാര്‍ഗം ഇയാളെ ഇന്ന് കൊച്ചിയിലെത്തിച്ച് കേരള പൊലീസിന് കൈമാറും.
അബുദാബിയില്‍ നിന്ന് ജൂണ്‍ 5ന് നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലാണ് 56കാരനായ കൃഷ്ണകുമാര്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. ഇതേതുടര്‍ന്ന് കേരളപൊലീസ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. നാട്ടിലുണ്ടായിരുന്നപ്പോള്‍ താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമായിരുന്നു ഇയാള്‍ ഫോസ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്. ജോലി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് എത്തുകയാണെന്നും ഇയാള്‍ ലൈവിനിടെ പറഞ്ഞിരുന്നു. മന്ത്രി എംഎം മണിയെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടും ഇയാള്‍ ഭീഷണി മുഴക്കി.
ഇതേതുടര്‍ന്ന് അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തിരുന്ന ഇയാള്‍ക്ക് ജോലി നഷ്ടമായി. വീഡിയോ വൈറല്‍ ആകുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തപ്പോള്‍ മാപ്പ് ചോദിച്ചുകൊണ്ട് ഇയാള്‍ വീണ്ടും ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്നും ഇനിയാവര്‍ത്തിക്കില്ലെന്നും പറഞ്ഞ ഇയാള്‍ മുഖ്യമന്ത്രിയോടും കുടുംബത്തോടും വല്ലാത്ത അപരാധമാണ് ചെയ്തതെന്നും മാപ്പുതരണമെന്നുമാണ് രണ്ടാമത്തെ വീഡിയോയില്‍ പറഞ്ഞത്. ജോലി പോയി താന്‍ നാട്ടിലേക്ക് തിരിച്ചുവരുകയാണെന്നും നിയമം അനുശായിക്കുന്ന എന്ത് ശിക്ഷയും സ്വീകരിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.