'ആദ്യം വന്നവര്‍ മിണ്ടാതെ മാറി നിന്നു, ചിലര്‍ മൊബൈലില്‍ പകര്‍ത്തി';സ്‌കൂള്‍ വാന്‍ ദുരന്തത്തില്‍ ഡ്രൈവര്‍ പറയുന്നു

സഹായത്തിന് ആദ്യം എത്തിയത് ചില സ്ത്രീകളാണെന്നും പിന്നീട് കൂടുതല്‍ പേര്‍ എത്തുകയായിരുന്നെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ അനില്‍ കുമാര്‍ പറഞ്ഞു
'ആദ്യം വന്നവര്‍ മിണ്ടാതെ മാറി നിന്നു, ചിലര്‍ മൊബൈലില്‍ പകര്‍ത്തി';സ്‌കൂള്‍ വാന്‍ ദുരന്തത്തില്‍ ഡ്രൈവര്‍ പറയുന്നു

കൊച്ചി; മരടില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് കുരുന്നുകള്‍ മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരേ ആരോപണവുമായി ഡ്രൈവര്‍ അനില്‍കുമാര്‍. അപകടം കണ്ട് ആദ്യം എത്തിയവര്‍ മിണ്ടാതെ മാറിനിന്നുവെന്നും ചിലര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നോക്കിയെന്നും അനില്‍കുമാര്‍ പറഞ്ഞു. സഹായത്തിന് ആദ്യം എത്തിയത് ചില സ്ത്രീകളാണെന്നും പിന്നീട് കൂടുതല്‍ പേര്‍ എത്തുകയായിരുന്നെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ അനില്‍ കുമാര്‍ പറഞ്ഞു.

അപകടത്തില്‍ സാരമായി പരുക്കേറ്റ അനില്‍ കുമാര്‍ ആശുപത്രി വിട്ടതിനെതുടര്‍ന്ന് നോട്ടീസ് അയച്ച് പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ചെവി വേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മൂന്ന് കുട്ടികളും ഒരു ആയയുമാണ് മരിച്ചത്.

വാന്‍ കുളത്തിലേക്ക് ഇരുന്നുപോയതാണ് അപകടത്തിന് കാരണമായതെന്ന് അനില്‍ പൊലീസിനോട് പറഞ്ഞു. വണ്ടി തിരിച്ചപ്പോള്‍ റോഡിന്റെ ഒരു അരികിലെ സ്ലാബ് പൊങ്ങി നില്‍ക്കുകയായിരുന്നു. ഇത് ഒഴിവാക്കാന്‍ ശ്രമിച്ചതാണ്. കുളത്തിനോട് ചേര്‍ന്ന റോഡിന് അടിയിലെ മണ്ണ് ഒലിച്ചുപോയിരുന്നു. അത് അറിയില്ലായില്ലായിരുന്നു. അങ്ങനെ വണ്ടി ഇരുന്നു പോവുകയായിരുന്നുവെന്നാണ് അനില്‍ പറഞ്ഞത്.

നാലു കുട്ടികളെ താന്‍ രക്ഷപ്പെടുത്തി. സഹായിക്കാന്‍ വന്ന ഒരാള്‍ കുട്ടികളെ എടുക്കാന്‍ തയാറാകാതെ വലിക്കുകയായിരുന്നെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. വാതില്‍ ലോക്ക് ചെയ്തതിനാല്‍ തുറക്കാന്‍ പറ്റിയില്ല. തുടര്‍ന്ന് പുറത്തിറങ്ങിയ ശേഷം കമ്പി കൊണ്ട് ഗ്ലാസ് പൊട്ടിച്ചാണ് വാതില്‍ തുറന്നത്. അപ്പോഴും തിരിച്ചു കയറാനായില്ല. രണ്ട് കുട്ടികള്‍ വണ്ടിയില്‍ ആയയുടെ അടിയിലായിരുന്നു. അവരെ വലിച്ചാണ് പുറത്തെടുത്തത്. അവരുടെ വായില്‍ നിന്ന് ചോര വരുന്നുണ്ടായിരുന്നെന്നും അനില്‍ പറഞ്ഞു. അപ്പോഴേക്കും താന്‍ കുഴഞ്ഞുവീണെന്നും പിന്നെ കണ്ണ് തുറന്നപ്പോള്‍ ആശുപത്രിയിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ അനിലിന്റെ ചെവിയില്‍ ചെളി കയറി അടഞ്ഞിരുന്നു. കഴുത്തിനും പരിക്കുള്ളതിനാല്‍ കോളര്‍ ഇട്ടിരിക്കുകയാണ്. ഇയാള്‍ക്കെതിരേ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അനില്‍ കുമാറിന്റെ പറയുന്ന ചില കാര്യങ്ങള്‍ പരസ്പരവിരുദ്ധമായിട്ടാണെന്നും ആശുപത്രിയില്‍ നിന്ന് പോന്നതിന് ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com