അതും കള്ളം, കെവിന്‍ കേസില്‍ ചാക്കോയുടെ വാദം പൊളിഞ്ഞു;നീനുവിന് മാനസികരോഗമില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2018 05:29 PM  |  

Last Updated: 20th June 2018 05:29 PM  |   A+A-   |  

 

കോട്ടയം: നീനുവിന് മാനസിക രോഗമുണ്ടെന്ന വീട്ടുകാരുടെ വാദം കളവെന്ന് പൊലീസ്. കോടതി നിര്‍ദ്ദേശ പ്രകാരം തെന്‍മലയിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഇത് തെളിയിക്കുന്ന രേഖകള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ചാക്കോയുടെ അഭിഭാഷകനും സമ്മതിച്ചു.മകള്‍ നീനു മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു എന്നാണ് ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഭിഭാഷകന്‍ മുഖേന കേസിലെ അഞ്ചാം പ്രതിയായ ചാക്കോ കോടതിയെ  അറിയിച്ചിരുന്നത്. അതിനാല്‍ നീനുവിനെ അഭയ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ചാക്കോ ആവശ്യം ഉന്നയിച്ചിരുന്നു. 

മാനസിക രോഗത്തിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നീനുവിനെ ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ അന്യവീട്ടിലായതിനാല്‍ തുടര്‍ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

കെവിന്‍ വധക്കേസില്‍ പ്രധാന സാക്ഷിയാണ് നീനു. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് നീനുവിന്റെ കുടുംബം കെവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ശേഷം കെവിന്റെ വീട്ടിലാണ് നീനു താമസിക്കുന്നത്.