അടിമപ്പണി വിവാദത്തില്‍ ഐപിഎസുകാര്‍ മുഖ്യമന്ത്രിയെ കണ്ടു: എന്നാല്‍ വിവാദങ്ങള്‍ക്ക് ശേഷവും ക്യാംപ് ഫോളോവര്‍മാരെ തിരിച്ചയക്കുന്നില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2018 08:51 PM  |  

Last Updated: 20th June 2018 09:18 PM  |   A+A-   |  

NCRP0221938dfg

 

തിരുവനന്തപുരം: ക്യാംപ് ഫോളോവര്‍മാരെ വീട്ടുജോലിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ അടച്ചാക്ഷേപിക്കുന്നതില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി. തങ്ങള്‍ക്കൊപ്പമുള്ളതിനേക്കാള്‍ കൂടുതല്‍ പൊലീസുകാര്‍ രാഷ്ട്രീയക്കാരുടെ കൂടെയുണ്ടെന്ന് ഐപിഎസ് അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധരിപ്പിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലാണ് ഇവര്‍ മുഖ്യമന്ത്രിയെ കണ്ടത്. 

ക്യാംപ് ഫോളോവര്‍മാരുടെ കാര്യത്തില്‍ മാര്‍ഗ നിര്‍ദ്ദേശം വേണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, ദാസ്യപ്പണി വിഷയത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമെത്തിയിട്ടും ക്യാംപ് ഫോളോവര്‍മാരെ തിരിച്ചയയ്ക്കാന്‍ മിക്ക പൊലീസ് ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. 

അതിനിടെ പൊലീസ് സേനയിലെ അടിമപ്പണിയുടെ കണക്കുകള്‍ പുറത്തുവന്നു. ഏതാണ്ട് 984 പൊലീസുകാര്‍ പേഴ്‌സണല്‍ സ്റ്റാഫെന്ന പേരില്‍ ജോലി ചെയ്യുന്നുണ്ട്. പൊലീസ് സേനയിലെ ഉന്നതര്‍ക്കൊപ്പം 333 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 29 പേരെ പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ ജോലിക്ക് വേണ്ടിയാണ് നിയോഗിച്ചിരിക്കുന്നതെന്നാണ് വിവരം. 54 ക്യാംപ് ഫോളോവേഴ്‌സും പൊലീസ് സേനയ്ക്ക് പുറത്താണ് ജോലി ചെയ്യുന്നത്.

എന്നാല്‍ രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കുമൊപ്പമാണ് ഏറ്റവും കൂടുതല്‍ പൊലീസുകാര്‍ ജോലി ചെയ്യുന്നത്. ഏതാണ്ട് 388 പേരാണ് വിവിധ രാഷ്ട്രീയ നേതാക്കളുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത്. ജഡ്ജിമാരുടെ കൂടെ 173 പേരും ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം 64 പൊലീസുകാരും ജോലി ചെയ്യുന്നുണ്ട്.