പത്തു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും കൊടുത്താല്‍ കേരളത്തില്‍ ആരെയും കൊല്ലാമെന്ന അവസ്ഥ: ചെന്നിത്തല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2018 10:54 AM  |  

Last Updated: 20th June 2018 10:54 AM  |   A+A-   |  

ramesh-chennithalajhjj

 

തിരുവനന്തപുരം: പത്തു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും കൊടുത്ത് ആരെയും കൊല്ലാമെന്ന അവസ്ഥയാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ എസ്പി എവി ജോര്‍ജിന് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ച ശേഷം വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. 

കേസില്‍ എവി ജോര്‍ജിന് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മില്‍ നേര്‍ക്കുനേര്‍ വാക്‌പോരു നടത്തി. 

കസ്റ്റഡി മരണ കേസില്‍ എവി ജോര്‍ജിനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ കേസ് അട്ടിമറിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വിഡി സതീശന്‍ അടിയന്തര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം സഭ അടിയന്തരമായി ചര്‍ച്ചചെയ്യണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തര പ്രമേയം അംഗീകരിക്കാനാവില്ലെന്നും സബ്മിഷനായി പരിഗണിക്കാമെന്നുമുള്ള നിലപാടാണ് സ്പീക്കര്‍ കൈക്കൊണ്ടത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള അടിയന്തര പ്രമേയം പരിഗണിക്കാനാവില്ല. ഇതൊരു അടിയന്തര പ്രധാന്യമുള്ള കേസല്ലെന്നും സ്പീക്കര്‍ പറഞ്ഞു. 

അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെങ്കില്‍ സബ്മിഷന്‍ എങ്ങനെ അനുവദിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ചോദിച്ചു. ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിക്കുന്നതെന്ന് പറയേണ്ടതില്ല, സ്പീക്കറുടെ മാത്രം നിലപാടാണെന്ന് പറഞ്ഞാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു.

കസ്റ്റഡി മരണത്തെ ലാഘവത്തോടെ എടുക്കുന്ന സമീപനം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. മേല്‍നോട്ടത്തില്‍ പിഴവു പറ്റിയതിനാണ് എവി ജോര്‍ജിനെ സ്ഥലം മാറ്റിയത്. വരാപ്പുഴയിലേത് സംസ്ഥാനത്തെ ആദ്യത്തെ കസ്റ്റഡി മരണമല്ല. ആളുമാറി പിടിച്ചുകൊണ്ടുപോവുന്നത് ആദ്യമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. അടിയന്തരാവസ്ഥക്കാലത്ത് രാജനെ പിടിച്ചുകൊണ്ടുപോയത് ആളുമാറിയല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. വരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കസ്റ്റഡി മരണക്കേസില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ആളുമാറി പിടിച്ചുകൊണ്ടു പോയി കൊല്ലുന്ന സാഹചര്യമാണ് ഇവിടെയുണ്ടായത്. ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.