മുരിങ്ങയില പറിക്കുന്നതിനിടെ ഇരുമ്പു തോട്ടി വൈദ്യുതി കമ്പിയില്‍ തട്ടി; ഷോക്കേറ്റ് നവവധു മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th June 2018 09:49 AM |
Last Updated: 20th June 2018 09:49 AM | A+A A- |

തൃശൂര്‍: വീടിന്റെ ടെറസില്‍നിന്ന് ഇരുമ്പ് തോട്ടിയുപയോഗിച്ചു മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേറ്റ് നവവധു മരിച്ചു. ചെന്ത്രാപ്പിന്നി ഹലുവതെരുവില്‍ പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യ അശ്വതിയാണ് (20) വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ടെറസിലേക്കു ചാഞ്ഞുനിന്നിരുന്ന മുരിങ്ങ അരിവാള്‍ തോട്ടിയുപയോഗിച്ചു മുറിച്ചുമാറ്റുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.
താഴെ നിന്നിരുന്ന ഭര്‍തൃമാതാവ് ത്രിവേണിയാണ് അശ്വതി ഷോക്കേറ്റ് നില്‍ക്കുന്നതു കണ്ടത്. ഇവരുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആറു മാസം മുന്‍പാണ് അശ്വതിയും സജിലും തമ്മിലുള്ള വിവാഹം നടന്നത്. സജില്‍ വിദേശത്താണ്.