എല്ലാം ശരിയാക്കും എന്ന് പറഞ്ഞിട്ട് ഇങ്ങനെയാണോ ശരിയാക്കല്‍: അംബേദ്കര്‍ സിന്ദാബാദ് വിളിച്ച് ദളിത് മക്കളുടെ പ്രതിഷേധം തുരുത്തിയില്‍

അംബേദ്കര്‍ സിന്ദാബാദ് വിളിച്ച് ദളിത് മക്കളുടെ പ്രതിഷേധം തുരുത്തിയില്‍
എല്ലാം ശരിയാക്കും എന്ന് പറഞ്ഞിട്ട് ഇങ്ങനെയാണോ ശരിയാക്കല്‍: അംബേദ്കര്‍ സിന്ദാബാദ് വിളിച്ച് ദളിത് മക്കളുടെ പ്രതിഷേധം തുരുത്തിയില്‍

തിരുവനന്തപുരം: 'താക്കീതാണിത് താക്കീത്, തുരുത്തി മക്കളുടെ താക്കീത്, കറുത്ത മക്കളുടെ താക്കീത്' എന്നവള്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ തുരുത്തിയിലെ സമരക്കാരെല്ലാം അതേറ്റു വിളിക്കുകയാണ്. തുരുത്തിയിലെ സമരക്കാര്‍ എന്നു പറഞ്ഞാല്‍ ഒരു ഗ്രാമം മുഴുവനുമാണ്. ഇവര്‍ക്കിടയില്‍ നിന്ന് പതറാതെ കേരള സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് നിമ വേലായുധന്‍ എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്.

നിമ തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി വിളിക്കുന്ന അതിജീവനത്തിന്റെ കരുത്തുള്ള മുദ്രാവാക്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഏകത പരിഷത്ത് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അനില്‍ രാമന്‍  പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിനകം പതിനായിരക്കണക്കിന് പേരാണ് കണ്ടത്. 

ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലെ തുരുത്തി പട്ടികജാതി കോളനിയിലെ മുപ്പതോളം കുടുംബങ്ങള്‍ അവരുടെ വീടുകളും ആരാധനാലയങ്ങളും നഷ്ടപ്പെടുന്നതിനെതിരെ കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ സമരത്തിലാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വികസന അതോറിറ്റി പുറത്തുവിട്ട മൂന്നാമത്തെ അലൈന്‍മെന്റ് 90 ശതമാനവും തുരുത്തിയിലെ പട്ടികജാതി വിഭാഗത്തെ കുടിയിറക്കുന്ന തരത്തിലാണുള്ളത്. 

ഒന്നും രണ്ടും അലൈന്‍മെന്റുകള്‍ വളവുകളില്ലാത്തതും ഏതെങ്കിലും ഒരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കാത്തതുമായിരുന്നു. എന്നാല്‍ വേളാപുരം മുതല്‍ തുരുത്തി വരെ 500 മീറ്റര്‍ നീളത്തിനിടയില്‍ ഒരു വളവ് ബോധപൂര്‍വ്വം സൃഷ്ടിച്ച് 29 കുടുംബങ്ങളെ പൂര്‍ണ്ണമായും കുടിയിറക്കുന്ന രീതിയിലാണ് പുതിയ അലൈന്‍മെന്റ്. 

അലൈന്‍മെന്റില്‍ പറയുന്ന പ്രദേശത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ആരാധനാലയലുമുണ്ട്. പുലയരുടെ ആചാരവും അനുഷ്ഠാനവും വിശ്വാസവുമായി ബന്ധപ്പെട്ടതാണ് ഈ ആരാധനാലയം. ഇവരുടെ ജീവിതവും വിശ്വാസവും കൂടി സംരക്ഷിക്കാന്‍ വേണ്ടിയാണീ സമരം.

2016ല്‍ പുറത്തു വന്ന അലൈന്‍മെന്റ് നോട്ടിഫിക്കേഷന്‍ പ്രകാരം ഈ കുടുംബങ്ങളില്‍ മിക്കതും ദേശീയപാത വികസന അതോറിറ്റിക്ക് വിയോജിപ്പ് വ്യക്തിപരമായി എഴുതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു തരത്തിലുള്ള അനുകൂല പ്രതികരണവും അതോറിറ്റിയില്‍ നിന്നുണ്ടായില്ല എന്ന് സമരസമിതി പറയുന്നു. പഞ്ചായത്ത് അധികാരികള്‍, ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരെ പല ഘട്ടങ്ങളിലായി ഈ കുടുംബാംഗങ്ങള്‍ പരാതിയുമായി സമീപിച്ചെങ്കിലും പരാതി കേള്‍ക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് തുരുത്തി നിവാസികള്‍ ഒരു ആക്ഷന്‍ കമ്മറ്റിക്ക് രൂപംകൊടുത്തു. തുടര്‍ന്നാണ് സമരരംഗത്തിറങ്ങിയത്.  

തുരുത്തി സമരത്തിന്റെ 53ാം  ദിവസമാണ് തുരുത്തി നിവാസികള്‍ നിയമസഭയ്ക്ക് മുന്നിലേക്ക് സമരവുമായിത്തിയത്. ഈ സമരത്തിനിടെയായിരുന്നു കോരിച്ചൊരിയുന്ന മഴയിലും ആവേശം ചോരാത്ത കരുത്തുമായി നിമയുടെ മുദ്രാവാക്യം വിളി. കോര്‍പ്പറേറ്റുകള്‍ക്ക് പായ വിരിച്ച് ദളിത് കുടുംബങ്ങളെ കുടിയിറക്കുന്നതാണോ നമ്പര്‍ വണ്‍ കേരളത്തിന്റെ വികസന നയമെന്നാണ് തുരുത്തി ചോദിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com