പരോള്‍ അനുവദിക്കുന്നില്ലെന്ന് ബിജു രാധാകൃഷ്ണന്റെ പരാതി; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി 

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ബിജു രാധാകൃഷ്ണന്‍ കഴിഞ്ഞ മാര്‍ച്ച് പത്തിന് പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും അനുവദിച്ചില്ല
പരോള്‍ അനുവദിക്കുന്നില്ലെന്ന് ബിജു രാധാകൃഷ്ണന്റെ പരാതി; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി 


തിരുവനന്തപുരം; അഞ്ചുവര്‍ഷമായിട്ടും പരോള്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ബിജു രാധാകൃഷന്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം ജയിലില്‍ കിടന്നിട്ടും ബിജു രാധാകൃഷ്ണന് ഒരിക്കല്‍ പോലും പരോള്‍ ലഭിച്ചിട്ടില്ലെന്നാണ് പരാതി. സംഭവത്തില്‍ മനുഷ്യവകാശ കമ്മിഷന്‍ ജയില്‍ ഡിജിപിയോട് വിശദീകരണം തേടി. 

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ബിജു രാധാകൃഷ്ണന്‍ കഴിഞ്ഞ മാര്‍ച്ച് പത്തിന് പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും അനുവദിച്ചില്ല. സാധാരണ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പരോള്‍ അനുവദിക്കാവുന്നതാണ്. പരോള്‍ കിട്ടാന്‍ ജില്ലാ പ്രൊബേഷണറി ഓഫീസറും പൊലീസും അനുകൂല റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. പ്രൊബേഷണറി ഓഫിസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പൊലീസ് റിപ്പോര്‍ട്ട് എതിരായതാണ് ബിജുവിന് തിരിച്ചടിയായത്.

വിവാദമായ കേസിലെ പ്രതിയായതിനാലാണ് പൊലീസ് ബിജു രാധാകൃഷ്ണന് എതിരായ റിപ്പോര്‍ട്ട് നല്‍കുന്നത്. കൂടാതെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പരോള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബിജു രാധാകൃഷ്ണന്‍ അഭിഭാഷക വഴി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

കേസിലെ ബിജു രാധാകൃഷ്ണന്റെ കൂട്ടുപ്രതിയായ സരിത എസ് നായര്‍ പുറത്തിറങ്ങി. ടിപി ചന്ദ്രശേഖരന്‍ കേസിലെയും ഹിമാലയ ചിട്ടി ഫണ്ട് കേസിലെയും ഭാസ്‌കര കാര്‍ണ്ണവര്‍ വധകേസിലെയും പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുമ്പോള്‍ ബിജു രാധാകൃഷ്ണന് പരോള്‍ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നാണ് അഭിഭാഷക നിഷ കെ പീറ്റര്‍ മനുഷ്യവകാശ കമ്മിഷന് നല്‍കിയ പരാതിയിലുള്ളത്. വൃദ്ധയായ അമ്മയെ കാണാനും ചികിത്സ തുടരാനും പരോള്‍ അനുവദിക്കണമെന്നാണ് ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com