പൊലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രചാരണം നടത്തുന്നു: വാര്‍ത്തകള്‍ പലതും തെറ്റെന്ന് ഡിജിപി

തെറ്റായ വിവരങ്ങളുടെയും കണക്കിന്റെയും അടിസ്ഥാനത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രചാരണം നടത്തുന്നു 
പൊലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രചാരണം നടത്തുന്നു: വാര്‍ത്തകള്‍ പലതും തെറ്റെന്ന് ഡിജിപി


തിരുവനന്തപുരം: ഒരുവിഭാഗം മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പൊലീസ് മേധാവി ലോക്‌നാഥ്  ബെഹ്‌റ തെറ്റായ വിവരങ്ങളുടെയും കണക്കിന്റെയും അടിസ്ഥാനത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രചാരണം നടത്തുന്നതായി അദ്ദേഹം പറഞ്ഞു. ചില സീനിയര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായപ്പോള്‍ അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തു. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി ഒരു വിഭാഗം മാധ്യമങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജപ്രചാരണം നടത്തുന്നു. മിക്ക വാര്‍ത്തയും തെറ്റാണ്. പൊലീസിന്റെ മനോവീര്യം തകര്‍ക്കാനും പൊലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറയ്ക്കാനും ഇതിടയാക്കുന്നു. സമൂഹത്തിന്റെ ഉത്തമ താല്‍പര്യം മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ ഇത്തരം പ്രചാരണങ്ങളില്‍ നിന്നു പിന്‍മാറണമെന്നും ബെഹ്‌റ അഭിപ്രായപ്പെട്ടു.

എഡിജിപിയുടെ മകള്‍ പൊലീസ് െ്രെഡവറെ മര്‍ദിച്ചതും ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പൊലീസുകാരെ അനധികൃതമായി ജോലിക്കു നിര്‍ത്തിയതും ഏറെ വിവാദമായ പശ്ചാത്തലത്തിലാണു ബെഹ്‌റ മാധ്യമങ്ങള്‍ക്കു നേരെ തിരിഞ്ഞത്. ഏറ്റവും കൂടുതല്‍ പൊലീസുകാരെയും ക്യാംപ് ഫോളോവര്‍മാരെയും ഇത്തരത്തില്‍ ക്രമവിരുദ്ധമായി നിര്‍ത്തിയിട്ടുള്ളതു ഡിജിപി റാങ്കിലെ ഒരു ഉദ്യോഗസ്ഥനെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പല ഷിഫ്റ്റിലായി ഇദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും 36 പേരാണുള്ളത്. ഇതോടെയാണു ബെഹ്‌റയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഐപിഎസുകാര്‍ മുഖ്യമന്ത്രിയെ കണ്ടു പരാതി പറഞ്ഞതും തൊട്ടുപിന്നാലെ ഡിജിപി പ്രസ്താവന പുറത്തിറക്കിയതും. 

അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടാലും പൊലീസിന്റെ കൈവശമുള്ള കണക്കോ വിവരങ്ങളോ പൊലീസ് ആസ്ഥാനത്തു നിന്നോ ഉന്നത ഉദ്യോഗസ്ഥരോ നല്‍കാറില്ല. വിവരവകാശ നിയമ പ്രകാരം ചോദിച്ചിട്ടും നിയമസഭയില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയ കണക്കുകള്‍ പോലും നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് അടുത്തിടെ പൊലീസ് ആസ്ഥാനത്തെ പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സ്വീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com