മഴ പകര്‍ത്താനെത്തിയ ഷാഹിദിനെ വിലക്കി കോളജ് സൂപ്രണ്ട്: പ്രതിഷേധത്തില്‍ ആര്‍ത്തിരമ്പി മഹാരാജാസ്; പിന്തുണയുമായി മുന്‍ പ്രിന്‍സിപ്പലും

എറണാകുളം മഹാരാജാസ് കോളജിന്റെ ചിത്രങ്ങള്‍ പകര്‍ത്തി പ്രസിദ്ധനായ ഫോട്ടോഗ്രാഫര്‍ ഷാഹിദ് മനക്കപ്പടിയെ വിലക്കിയ കോളജ് സൂപ്രണ്ടിനെതിരെ പ്രതിഷേധക്കൊടി ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍.
മഴ പകര്‍ത്താനെത്തിയ ഷാഹിദിനെ വിലക്കി കോളജ് സൂപ്രണ്ട്: പ്രതിഷേധത്തില്‍ ആര്‍ത്തിരമ്പി മഹാരാജാസ്; പിന്തുണയുമായി മുന്‍ പ്രിന്‍സിപ്പലും


കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ ചിത്രങ്ങള്‍ പകര്‍ത്തി പ്രസിദ്ധനായ ഫോട്ടോഗ്രാഫര്‍ ഷാഹിദ് മനക്കപ്പടിയെ വിലക്കിയ കോളജ് സൂപ്രണ്ടിനെതിരെ പ്രതിഷേധക്കൊടി ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍. മുന്‍കൂട്ടി അനുവാദമില്ലാതെ ഫോട്ടോകള്‍ എടുക്കാന്‍ അനുവദിക്കില്ലെന്ന കോളജ് സൂപ്രണ്ടിന്റെ തീരുമാനത്തിന് എതിരെയാണ് രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. മഴയും ഫുട്‌ബോളും മഹാരാജാസും ചേര്‍ത്തുവച്ച് ചിത്രമെടുക്കാനാണ് ഷാഹിദ് എത്തിയത്, എന്നാല്‍ സൂപ്രണ്ട് തടയുകയായിരുന്നു. അവസാനമായി താനെടുത്ത മഹാരാജാസിന്റെ ചിത്രം എന്ന തരത്തില്‍ ഷാഹിദ് ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എസ്എഫ്‌ഐയും കെഎസ്‌യുവും ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമനസ്സോടെ സൂപ്രണ്ടിന്റെ നടപടിക്കെതിരെ രംഗത്തെത്തുകയായിരുന്നു. 

മഹാരാജാസിന്റെ അതിമനോഹരമായ ചിത്രങ്ങള്‍ എടുത്തുനോക്കിയാല്‍ അതില്‍ മുക്കാലും ഈ മുന്‍മഹാരാജാസുകാരന്റേതാകും. മഹാരാജാസിലെ മഴയും സമരമവും പിരിയന്‍ ഗോവണിയും അത്രമേല്‍ ഈ മനുഷ്യനെ വിടാതെ പിന്തുടരുന്നുണ്ട്. അതുകൊണ്ടാണ് പഠിച്ചിറങ്ങി നാളുകള്‍ കഴിഞ്ഞിട്ടും ഇദ്ദേഹം വീണ്ടും ഈ കലാലയത്തിലേക്ക് ക്യാമറയുമായി എത്തുന്നത്. 

ഷാഹിദിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കിയാണ് യൂണിയന്‍ ഭരിക്കുന്ന എസ്എഫ്‌ഐ പ്രതിഷേധിച്ചത്. സൂപ്രണ്ടിന്റെ ക്യാബിനിലെ മേശയില്‍ റീത്ത് വെച്ചാണ് കെഎസ്‌യു പ്രതിഷേധിച്ചത്. സര്‍ഗാത്മകതക്ക് ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്താണ് കെഎസ് യു പ്രവര്‍ത്തകര്‍ വെച്ചത്. 
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി മുന്‍ പ്രിന്‍സിപ്പല്‍ മേരിയും രംഗത്തെത്തി. രണ്ടുദിവസം കൊണ്ട് മഹാരാജാസിന്റെ സൂപ്പര്‍സ്റ്റാറായി ഷാഹിദ് മാറിയെന്ന് മേരി ഫെയ്‌സ്ബുക്കില്‍ക്കുറിച്ചു. ഷാഹിദിന് ക്യാമ്പസിനകത്തുള്ള പിന്തുണയും ജനപ്രീയതയും നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചുവെന്നും അവര്‍ കുറിച്ചു. 

മഹാരാജാസിലെ അവസാനചിത്രം എന്നതരത്തില്‍ ഷാഹിദ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം
 

നന്ദി എന്ന രണ്ടക്ഷരത്തില്‍ ഒതുങ്ങുന്നതല്ല ഒന്നും...മഹാരാജാസ്.., നീ ആര്‍ത്തിരമ്പുന്ന ഒരു കടല്‍ തന്നെയാണെന്ന്.. എല്ലാരോടും ഇഷ്ടം.. പ്രതിഷേധ സൂചകമായി ഫോട്ടോ പ്രദര്‍ശനം നടത്താന്‍ മുന്‍കൈ എടുത്ത എസ്എഫ്‌ഐ യൂണിയന്‍ ഭാരവാഹികള്‍, ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയ പൂര്‍വ്വ വിദ്യാര്‍ഥികള്‍, ഫെയിസ് ബുക്കിലൂടെ സപ്പോര്‍ട്ട് അറിയിച്ച ചങ്കുകള്‍, മുന്‍ പ്രിന്‍സിപ്പാള്‍, ഇപ്പോളത്തെ അധ്യാപകര്‍, മറ്റു സംഘടനാ ഭാരവാഹികള്‍ എല്ലാരോടും സ്‌നേഹം- ഷാഹിദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

എസ്എഫ്‌ഐയുടെ പ്രതിഷേധ ചിത്രപ്രദര്‍ശനം

കെഎസ്‌യുവിന്റെ പ്രതിഷേധം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com