മുലയൂട്ടല്‍ മുഖചിത്രം അശ്ലീലമല്ല; ഒരാളുടെ അശ്ലീലം മറ്റൊരാള്‍ക്ക് കവിതയെന്ന് ഹൈക്കോടതി  

ഗൃഹലക്ഷ്മി മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ നടപടിയ്ക്കില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി
മുലയൂട്ടല്‍ മുഖചിത്രം അശ്ലീലമല്ല; ഒരാളുടെ അശ്ലീലം മറ്റൊരാള്‍ക്ക് കവിതയെന്ന് ഹൈക്കോടതി  

കൊച്ചി: ഗൃഹലക്ഷ്മി മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ നടപടിയ്ക്കില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി.  സദാചാരത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും എതിരാണ് ചിത്രമെന്നുള്ള പരാതിക്കാരന്റെ വാദം തള്ളിയ കോടതി  സ്ത്രീകളെ മാന്യതയില്ലാത്ത രീതിയില്‍ ഇതില്‍  ചിത്രീകരിച്ചിട്ടില്ലെന്നും കുട്ടികളെ തെറ്റായ രീതിയില്‍ ചിത്രത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും വിശദമാക്കി. 

ചിത്രത്തിലെ അശ്ലീലത കാണാന്‍ പരമാവധി ശ്രമിച്ചെങ്കിലും തങ്ങള്‍ക്ക് അതിന് സാധിച്ചില്ലെന്നും രാജാ രവിവര്‍മയുടെ ചിത്രങ്ങളില്‍ നോക്കുന്നത് പോലെയാണ് തോന്നിയതെന്നും ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ജഡ്ജിമാര്‍ വിലയിരുത്തി.     

പരാതിക്കാരന്‍ ആരോപിച്ചത് പോലുള്ള ഉദ്ദേശം ചിത്രം പ്രസിദ്ധീകരിച്ച മാധ്യമത്തിന് ഉണ്ടായിരുന്നില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഈ ചിത്രമെന്നും കോടതി വിലയിരുത്തി. ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാന്‍ സാധിക്കുന്ന സാഹചര്യമാണ് കവര്‍ ചിത്രത്തെ സംബന്ധിച്ചുള്ളതെന്നാണ്  കോടതി ചൂണ്ടികാട്ടിയത്. 

ശരീരത്തിന്റെ ദൈവീകതയെയാണ് കലകളില്‍ പ്രകടമാക്കിയിട്ടുള്ളതെന്നും കല ഏറെ പ്രശംസിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതുമായ പാരമ്പര്യമാണ് ഇന്ത്യയിലുള്ളതെന്നും  കോടതി പറഞ്ഞു. അജന്ത എല്ലോറയിലെ ശില്‍പങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും ഈ ശില്‍പങ്ങളിലെ  നഗ്‌നത അല്ല  മറിച്ച് അതിലെ കലാമൂല്യമാണ് എല്ലാവരും കാണുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com