'അവള്‍ മാറിനില്‍ക്കുകയാണ്, അല്ലെങ്കില്‍ ആരോ മാറ്റി നിര്‍ത്തിയിരിക്കുകയാണ്'; ജെസ്‌നയുടെ തിരോധാനത്തില്‍ നുണപരിശോധനയ്ക്ക് വരെ തയാറാണെന്ന് അച്ഛന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd June 2018 08:01 AM |
Last Updated: 22nd June 2018 08:22 AM | A+A A- |

പത്തനംതിട്ട; കാണാതായി 90 ദിവസം കഴിഞ്ഞിട്ടും ജെസ്‌ന മരിയ ജയിംസിനെക്കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ മകള്‍ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ജെസ്‌നയുടെ അച്ഛന്‍ ജെയിംസ് ജോസഫ്. മകള്‍ എവിടെയെങ്കിലും മാറി നില്‍ക്കുന്നതോ ആരെങ്കിലും മാറ്റിനിര്‍ത്തുന്നതോ ആയിരിക്കുമെന്നും അവള്‍ തിരിച്ചുവരുമെന്നുമാണ് ജെയിസ് പറയുന്നത്. പൊലീസിന്റെ അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന് പുറത്തേക്ക് നടത്തിയ അന്വേഷണത്തിലും ജെസ്‌നയെക്കുറിച്ച് വിവരം ലഭിക്കാതെയായിതോടെ ഞായറാഴ്ച ജയിംസിന്റെ നിര്‍മാണ സ്ഥാപനം പാതി പണിതീര്‍ത്ത വീടിനുള്ളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പൊലീസിന്റെ പരിശോധയില്‍ അസംതൃപ്തിയില്ലെന്നും നുണ പരിശോധനയ്ക്ക് വരെ തയാറാണെന്നും ജയിംസ് വ്യക്തമാക്കി. ''എന്തും പരിശോധിക്കട്ടെ... അതില്‍ തൃപ്തിയേയുള്ളൂ. മകളെ കണ്ടെത്താന്‍ പഴുതടച്ച പരിശോധനകള്‍ തുടരണം. അതില്‍ തന്നെയും ജെസ്‌നയുടെ സഹോദരങ്ങളെയും മാറ്റിനിര്‍ത്തേണ്ട. നുണ പരിശോധനയ്ക്കുവരെ തയ്യാറാണ്. പോലീസ് അന്വേഷണം തൃപ്തികരമാണ്. അതു വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ട്.
കുടുംബാംഗങ്ങള്‍ക്കെതിരേ അന്വേഷിക്കാന്‍ പോലീസ് സംഘത്തിലെ കുറേപേരെ ചുമതലപ്പെടുത്തേണ്ടിവരുന്നു. ഇത്തരം വഴിതിരിച്ചുവിടലുകള്‍ കണ്ടപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയ സമീപിച്ചതെന്നും മകളെ കണ്ടുകിട്ടണം എന്ന അതിയായ ആഗ്രഹം മാത്രമാണ് ഇതിനുപിന്നിലുള്ളതെന്നും ജെയിംസ് പറഞ്ഞു. എന്നാല്‍ മകളെ ആരായിരിക്കും മാറ്റി നിര്‍ത്തിയിരിക്കുന്നത് എന്നചോദ്യത്തിന് കൃത്യമായ മറുപടി ജയിംസ് നല്‍കിയില്ല. തന്റെ നിര്‍മാണമേഖലയിലെ വളര്‍ച്ച കണ്ട് ആരെങ്കിലും ചെയ്തതാണോ എന്ന സംശയവും ജയിംസ് മുന്നോട്ടുവെക്കുന്നുണ്ട്. ഇത് പൊലീസിനോട് പറഞ്ഞതായും നിലവില്‍ തനിക്ക് ശത്രുക്കള്‍ ആരും ഇല്ലെന്നും ജയിംസ് വ്യക്തമാക്കി.
തങ്ങള്‍ക്കും കുടുംബത്തിനും എതിരെയുള്ള ആരോപണങ്ങളെ ജയിംസ് തള്ളി. ജെസ്‌നയെ കാണാതായതിന് ശേഷം വീട് നവീകരിച്ചു എന്ന അക്ഷേപം ഉയര്‍ന്നിരുന്നു. വീടിന്റെ വാസ്തു പ്രശ്‌നം തീര്‍ക്കുക മാത്രമാണുണ്ടായത്. ഭാര്യയുടെ അകാലമരണത്തിനും മകളുടെ തിരോധാനത്തിനും പിന്നാലെ ചില അഭ്യുദേയകാംക്ഷികളുടെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. മകള്‍ക്കായി സ്വന്തം നിലയില്‍ നിരവധി അന്വേഷണങ്ങള്‍ നടത്തിയിരുന്നു. പി.സി. ജോര്‍ജിന്റെ ആക്ഷേപങ്ങള്‍ ശരിയല്ലെന്നും ജയിംസ് കൂട്ടിച്ചേര്‍ത്തു. മകളുടെ സുഹൃത്തുക്കള്‍ തിരോധാനത്തിന് പിന്നിലുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.