എഡിജിപിയുടെ മകള്‍ പറഞ്ഞത് കള്ളം; എക്‌സ്-റേ എടുത്തില്ലെന്ന് ഡോക്ടര്‍, പരിക്കേറ്റിരുന്നില്ലെന്നും വെളിപ്പെടുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2018 05:21 PM  |  

Last Updated: 22nd June 2018 05:21 PM  |   A+A-   |  

adgp

 തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് പരിശോധിച്ച ഡോക്ടര്‍ ഹരികുമാര്‍. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് എസ്പി ഫോര്‍ട്ടിലാണ് പെണ്‍കുട്ടി ചികിത്സയ്ക്കായി എത്തിയത്. ഓട്ടോറിക്ഷ ഇടിച്ചു എന്നാണ് തന്നോട് പറഞ്ഞത്. എക്‌സ്-റേ എടുക്കാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും മരുന്ന് മാത്രം വാങ്ങി മടങ്ങിയെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. കാലില്‍ വേദനയുണ്ടെന്ന് പറഞ്ഞുവെങ്കിലും പരിശോധനയില്‍ പരിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അമ്മയോടൊപ്പം നടന്നാണ് റൂമിലേക്ക് എത്തിയത്. നടക്കുന്നതില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ ഹരികുമാര്‍ പറഞ്ഞു. തുടര്‍ചികിത്സയ്ക്കായി എത്തിയതുമില്ല. 

കാലിലൂടെ ജീപ്പ് കയറ്റിയിറക്കി എന്നായിരുന്നു ഗവാസ്‌കറിനെതിരായ പരാതിയില്‍ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് ആശുപത്രി രേഖകളില്‍ നിന്ന് വ്യക്തമായതോടെയാണ് ചികിത്സിച്ച ഡോക്ടര്‍ തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തെറ്റായ പരാതി നല്‍കിയതിന് പെണ്‍കുട്ടിക്കെതിരെ നടപടിയുണ്ടായേക്കുമെന്നും കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.