കൊലപാതകമാണ്, പക്ഷേ മരിച്ചത് ആരെന്ന് അറിയില്ല! പിന്നെ എങ്ങനെ കൊലയാളിയെ കണ്ടെത്തും; നീതി കാത്ത് അജ്ഞാത മൃതദേഹം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd June 2018 11:39 AM |
Last Updated: 22nd June 2018 11:39 AM | A+A A- |

തൃശൂര്‍; മൂന്ന് മാസം മുന്‍പാണ് തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് ആ മൃതദേഹം എത്തുന്നത്. കൊലപാതകമാണെന്ന് ബോധ്യപ്പെട്ടെങ്കിലും മരിച്ചത് ആരാണെന്നുപോലും കെേണ്ടത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. മരിച്ച ആളെ കണ്ടെത്തിയാലല്ലേ കൊലയാളിയെ കണ്ടെത്താനാകൂ. അതിനാല്‍ അജ്ഞാതനായി തുടരുകയാണ് കൊലയാളിയും. എന്നാല്‍ മരിച്ചത് ആരെന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇനിയും എത്രനാള്‍ മൃതദേഹം സൂക്ഷിക്കേണ്ടിവരും എന്നറിയാതെ കുഴങ്ങുകയാണ് അധികൃതര്‍.
മാര്‍ച്ച് 13 നാണ് ചെറുതുരുത്തി പോലീസ് മൃതദേഹം കൊണ്ടുവരുന്നത്. ഭാരതപ്പുഴയുടെ തീരത്ത്, റെയില്‍വേ മേല്‍പ്പാലത്തിനു സമീപം കഴുത്തില്‍ തോര്‍ത്തു മുറുക്കി കമഴ്ത്തിയിട്ട നിലയിലായിരുന്നു മൃതദേഹം. പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് ബോധ്യപ്പെട്ട മൃതദേഹം മെഡിക്കല്‍ കോളേജിലെത്തിച്ചു. പോസ്റ്റ്്മോര്‍ട്ടത്തിലും ആന്തരികാവയവങ്ങളുടെ പരിശോധനയിലും കൊലപാതകമെന്നു സ്ഥിരീകരിച്ചു. അമ്പതു വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.
കേസ് ക്രൈബ്രാഞ്ചിന് കൈമാറിയെങ്കിലും മരിച്ച ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മറുനാടന്‍ തൊഴിലാളിയാകാമെന്ന സംശയത്തില്‍ അയല്‍സംസ്ഥാനങ്ങളിലെ പത്രങ്ങളിലടക്കം പരസ്യവും നല്‍കിയിരുന്നു. എന്നാല്‍ എല്ലാം വിഫലമായി. കൊലചെയ്യപ്പെട്ടത് ആരാണെന്ന് അറിയാത്തതിനാല്‍ കൊലയാളിയെക്കുറിച്ച് അന്വേഷണം നടന്നിട്ടില്ല. അന്വേഷണം ഫലം കാണാതായതോടെ ക്രൈംബ്രാഞ്ചും കേസ് കൈയൊഴിഞ്ഞ മട്ടാണ്. ഇതോടെ മൃതദേഹം മാറ്റണമെന്നാവശ്യപ്പെട്ട് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. എന്‍.എ. ബാലറാം പൊലീസിനെ സമീപിച്ചെങ്കിലും അതിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ തയാറായിട്ടില്ല. ഫോറന്‍സിക് വിഭാഗത്തോട് ഉചിതമായ നടപടി എടുത്തോളാനാണ് പൊലീസ് പറയുന്നത്. ഡി.എന്‍.എ. പരിശോധനയില്‍ തിരിച്ചറിയാവുന്ന സാമ്പിളുകള്‍ എടുത്തിട്ടുള്ളതിനാല്‍ പോലീസിനു മൃതദേഹം മറവു ചെയ്യാന്‍ തടസ്സമില്ലെന്ന് ഡോക്ടര്‍ പറയുമ്പോള്‍ അന്വേഷണം നടക്കുകയാണെന്ന ഒഴുക്കന്‍ മറുപടിയാണ് പോലീസിന്റേത്.
സാധാരണ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുള്ള അജ്ഞാത മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി 72 മണിക്കൂര്‍ കഴിഞ്ഞാല്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് കൊലപാതകമായതാണ് മൃതദേഹം സംസ്‌കാരിക്കാന്‍ പൊലീസ് മടിക്കുന്നതിന് കാരണം.