മാര്‍ ആലഞ്ചേരിയെ അഡ്മിനിസ്‌ട്രേറ്റിവ് ചുമതലയില്‍നിന്നു നീക്കി; മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയില്‍ തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2018 04:30 PM  |  

Last Updated: 22nd June 2018 04:30 PM  |   A+A-   |  

alancheryyyy1-640x360

 

കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിവാദത്തിലായ സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി രൂപതാ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍നിന്നു നീക്കി. പാലക്കാട് രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്താണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍. മാര്‍ ആലഞ്ചേരി വഹിച്ചിരുന്ന അഡ്മിനിസ്‌ട്രേറ്റിവ് ചുമതലകള്‍ മാര്‍ ജേക്കബ് മനത്തോടത്തിനു നല്‍കിയതായി വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ പാലക്കാട് രൂപതാ അഡ്മിനിസ്‌ട്രേറ്റിവ് പദവിയില്‍ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. 

അഡ്മിനിസ്‌ട്രേറ്റിവ് പദവി ഒഴിഞ്ഞെങ്കിലും എറണാകുളം അങ്കമാലി രൂപത അധ്യക്ഷപദവിയില്‍ മാര്‍ ആലഞ്ചേരി തുടരും. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ ആലഞ്ചേരി സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം വൈദികരും അല്‍മായരും ആവശ്യം ഉയര്‍ത്തിയിരുന്നു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മാര്‍ ആലഞ്ചേരിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ആആര്‍ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. നടപടിക്രമങ്ങളില്‍ വീഴ്ച വന്നെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.