'ഞാന്‍ ജസ്‌നയുടെ കാമുകനല്ല; ജസ്‌നയ്ക്ക് ആരോടെങ്കിലും പ്രണയമുണ്ടായിരുന്നതായും അറിയില്ല'

'ഞാന്‍ ജസ്‌നയുടെ കാമുകനല്ല; ജസ്‌നയ്ക്ക് ആരോടെങ്കിലും പ്രണയമുണ്ടായിരുന്നതായും അറിയില്ല'
'ഞാന്‍ ജസ്‌നയുടെ കാമുകനല്ല; ജസ്‌നയ്ക്ക് ആരോടെങ്കിലും പ്രണയമുണ്ടായിരുന്നതായും അറിയില്ല'

തിരുവനന്തപുരം: താന്‍ ജസ്‌നയുടെ കാമുകന്‍ അല്ലെന്ന്, മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത യുവാവ്. ജസ്‌നയെ കാണാതായതിന്റെ പേരില്‍ പൊലീസും സമൂഹവും തന്നെ പീഡിപ്പിക്കുകയാണെന്നും യുവാവ് ഏഷ്യാനെറ്റ് ചാനലിനോടു പറഞ്ഞു. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ആണ്‍സുഹൃത്തിലേക്കു നീങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഈ യുവാവിനെ പൊലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നു. ആയിരത്തിലേറെ തവണ ഈ യുവാവുമായി ജസ്‌ന ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നു പൊലീസ് പറഞ്ഞിരുന്നു. 

താന്‍ ജസ്‌നയുടെ കാമുകന്‍ അല്ലെന്നും ആ വിധത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും യുവാവ് പറഞ്ഞു. ജസ്‌നയ്ക്ക് ആരോടെങ്കിലും പ്രണയമുണ്ടായിരുന്നതായി തനിക്കറിയില്ല. പൊലീസും സമൂഹവും തന്നെ പീഡിപ്പിക്കുകയാണ്. ജസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് പത്തിലധികം തവണ തന്നെ ചോദ്യം ചെയ്തുകഴിഞ്ഞതായും യുവാവ് പറഞ്ഞു. ജസ്‌നയുടെ കാമുകനാണോയെന്ന് പൊലീസ് ആവര്‍ത്തിച്ചു ചോദിച്ചു. മറ്റേതെങ്കിലും കാമുകന്‍ ഉണ്ടായിരുന്നോയെന്ന് പൊലീസ് ചോദിച്ചതായും യുവാവ് പറഞ്ഞു.

മരിക്കാന്‍ പോവുകയാണെന്ന ജസ്‌ന തനിക്കു സന്ദേശം അയച്ചിരുന്നു. ഇത്തരം സന്ദേശങ്ങള്‍ മുമ്പും അയച്ചിട്ടുണ്ട്. ഈ സന്ദേശത്തിന്റെ കാര്യം പൊലീസിനോടു പറഞ്ഞിട്ടുണ്ടെന്നും യുവാവ് വ്യക്തമാക്കി. തന്റെ ഫോണ്‍ നേരത്തെ തന്നെ പൊലീസിനു കൈമാറിയിട്ടുണ്ട്. ഫോണ്‍ ഇതുവരെ തിരികെ തന്നിട്ടില്ലെന്ന് യുവാവ് പറഞ്ഞു.

ജസ്‌ന പൊതുവേ അന്തര്‍മുഖയായ പെണ്‍കുട്ടിയാണ്. ഒറ്റയ്ക്ക് എവിടെയെങ്കിലും പോവുമെന്നു കരുതുന്നില്ല. വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി ജസ്‌ന പറഞ്ഞിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

അതിനിടെ മകള്‍ മടങ്ങിയെത്തുമെന്നു പ്രതീക്ഷയുണ്ടെന്നു ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് പറഞ്ഞു. മകളെ കാണാതായതിനെ തുടര്‍ന്നു പലകോണുകളില്‍ നിന്നും മാനസികപീഡനം അനുഭവിക്കുന്നുണ്ട്. ജെസ്‌ന മടങ്ങിയെത്തുമ്പോള്‍ അതെല്ലാം മാറുമെന്നു ജയിംസ് പറഞ്ഞു.

വീട്ടിലും താന്‍ നിര്‍മിക്കുന്ന കെട്ടിടത്തിലും എന്തിനാണ് പൊലീസ് പരിശോധന നടത്തുന്നതെന്നറിയില്ല. ജെസ്‌നയെക്കുറിച്ചു വിവരങ്ങള്‍ ഉള്ളവര്‍ക്ക് രഹസ്യമായി അക്കാര്യം അറിയിക്കാന്‍ മുക്കൂട്ടുതറയിലും ജെസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി കോളജിലുമടക്കം പൊലീസ് പെട്ടികള്‍ സ്ഥാപിച്ചിരുന്നു. അതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാത്തിലാവും അന്വേഷണമെന്ന് ജയിംസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com